വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയ്ക്കായി പുതിയ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ച് പടിയിറങ്ങാനൊരുങ്ങുകയാണ് ഭരണസമിതി. കാലാവധി ഏതാനും മാസം വരെ ബാക്കിയിരിക്കെ വടക്കാഞ്ചേരിയുടെ ചരിത്ര താളുകളിൽ ഇടം പിടിക്കുന്ന നേട്ടത്തെ ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഭരണസമിതി പടിയിറങ്ങുക.

പുതിയ സാങ്കേതിക വിദ്യയായ പ്രീ ഫാബ് രീതിയിലാണ് സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാനത്തെ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി നിർമ്മിക്കുന്ന കെട്ടിടമാണ് വടക്കാഞ്ചേരി നഗരസഭയുടേത്. പരിസ്ഥിതിക്ക് അനുയോജ്യമായതും, പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാത്തതുമാണ് പുതിയ നിർമ്മാണ രീതി.

മൂന്നു കോടി രൂപ ചെലവിൽ 10,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 2015 നവംബർ ഒന്നിനാണ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് എന്നീ രണ്ടു പഞ്ചായത്തുകളെ കൂട്ടിയിണക്കി വടക്കാഞ്ചേരി നഗരസഭയ്ക്ക് രൂപം നൽകിയത്. എന്നാൽ 41 കൗൺസിലർമാർക്ക് ഒന്നിച്ചിരുന്ന് യോഗം ചേരാൻ പോലും പഞ്ചായത്ത് കെട്ടിടത്തിൽ സൗകര്യമുണ്ടായിരുന്നില്ല.

ഇതേത്തുടർന്ന് നഗരസഭയുടെ പ്രവർത്തനം പൊലീസ് സ്റ്റേഷനു മുന്നിലുള്ള സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീടാണ് നഗരസഭയ്ക്ക് പുതുതായി കെട്ടിടം നിർമ്മിക്കുകയെന്ന ആശയം ഉണ്ടായത്. യുദ്ധകാല അടിസ്ഥാനത്തിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. പുതിയ 28 നഗരസഭകളിൽ മാസ്റ്റർ പ്ലാൻ അംഗീകരിച്ച നഗരസഭ കൂടിയാണ് വടക്കാഞ്ചേരി. ഈ മാസ്റ്റർ പ്ലാൻ പ്രകാരമാണ് നഗരസഭയുടെ ഭാവി പ്രവർത്തനങ്ങൾ നടക്കുക.

കിഫ്ബിയിൽ നിന്നുള്ള 60 കോടി രൂപ ചെലവിൽ വക്കാഞ്ചേരിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ ബൈപ്പാസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞു.

ഉദ്ഘാടനം ഇന്ന്

ഇന്ന് രാവിലെ11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനാകും.