gvr-news-photo

ഗുരുവായൂർ: ഒറ്റപ്രസവത്തിൽ ജനിച്ച പഞ്ചരത്‌നങ്ങളിലെ മൂന്ന് രത്‌നങ്ങൾ കണ്ണന്റെ സന്നിധിയിൽ വിവാഹിതരായി. ഉത്രം നക്ഷത്രത്തിൽ പിറന്ന ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ എന്നിവരിൽ ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് ശനിയാഴ്ച രാവിലെ വിവാഹിതരായത്. മൂന്ന് പേരും ഒരേ വേഷത്തിലാണ് ഒരുങ്ങി വന്നത്. ചുവന്ന പട്ടു സാരിയുടുത്തു വന്ന സഹോദരങ്ങളിൽ ഉത്തരയാണ് കതിർ മണ്ഡപത്തിലേക്ക് ആദ്യം കയറിയത്.

പിന്നീട് ഉത്തമയും ഉത്രയും വരണമാല്യമണിഞ്ഞു.

അമ്മ രമാദേവിയുടെ കാൽക്കൽ തൊട്ടു വണങ്ങി മണ്ഡപത്തിലേക്ക് കയറിയ മൂന്നു പേരുടെയും വിവാഹം ഏക സഹോദരൻ ഉത്രജൻ കാരണവരുടെ സ്ഥാനത്ത് നിന്ന് നടത്തിക്കൊടുത്തു.

ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് താലിചാർത്തിയത്. മാദ്ധ്യമ പ്രവർത്തകയായ ഉത്തരയെ മാദ്ധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തേഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി.

ഉത്രജയുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിദേശത്തുള്ള വരന് എത്താൻ കഴിയാത്തതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തേഷ്യ ടെക്‌നീഷ്യനായ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശിയും കുവൈറ്റിൽ അനസ്തേഷ്യ ടെക്‌നീഷ്യനുമായ ആകാശാണ്.

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടു കടവിൽ പ്രേംകുമാർ രമാദേവി ദമ്പതികൾക്ക് 1995 നവംബർ 18 നായിരുന്നു അഞ്ച് മക്കൾ ജനിച്ചത്.

ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജനിച്ച അവർക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവർക്ക് 10 വയസാകുന്നതിന് മുമ്പേ അച്ഛൻ മരണപ്പെട്ടു. എല്ലാ പ്രതിസന്ധികളോടും പൊരുതിയാണ് രമാദേവി അഞ്ചു മക്കളെയും വളർത്തി വലുതാക്കിയത്.