പുതുക്കാട്: ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പൂർത്തീകരണ പ്രവൃത്തികൾ മാർച്ച് മാസത്തോടെ പൂർത്തിയാകുമെന്ന് പരിശോധനയ്ക്കെത്തിയ വിദഗ്ദ്ധ സംഗം അറിയിച്ചു. മൂന്നു ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. റെഗുലേറ്ററിന്റെ ഇരുവശങ്ങളിലും പുഴയുടെ അടിത്തട്ടിൽ കരിങ്കൽ കെട്ടും, അതിനുമുകളിലെ കോൺക്രീറ്റിംഗും പ്രളയത്തെ തുടർന്ന് പുഴയുടെ അടിത്തട്ടിൽ കോൺക്രീറ്റിന്റെ അടിയിൽ ഉണ്ടായ ലീക്ക് അടയ്ക്കൽ, അപ്രോച്ച് റോഡിൽ നിന്നുള്ള കാനയുടെ നിർമാണം എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്.

പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടതനുസരിച്ചാണ് വിദഗ്ദ്ധ സംഘം സന്ദർശനം നടത്തിയത്.

ജലസേചനം ഭരണ വകുപ്പ് ചീഫ് എൻജിനിയർ, അലക്‌സ് വർഗീസ്, ഇറിഗേഷൻ പദ്ധതി വിഭാഗം ചീഫ് എൻജിനിയർ, ബിനു ജയകുമാർ, ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ ബിജു, സൂപ്രണ്ട് എൻജിനിയർ രാജേഷ്, എക്‌സിക്യൂട്ടിവ് എൻജിനിയർ റഫീക് ബീവി, പീച്ചി എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിന്ധു, ചിമ്മിനി ഡാം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.എൽ. റാഫേൽ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘത്തോടൊപ്പം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ബ്രിഡ്ജ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.