 
കയ്പമംഗലം : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് പൂർണമായും അടച്ചു. പഞ്ചായത്തിലെ 16 ഓളം വാർഡുകളിൽ വ്യാപനം കൂടിയ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ എസ്. ഷാനവാസ് പ്രഖ്യാപിച്ചത്. ഇ.ടി ടെെസൺ മാസ്റ്റർ എം.എൽ.എ, കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിൽ കയ്പമംഗലം പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കാൻ തീരുമാനിച്ചത്.
കൂടുതൽ രോഗികളുള്ള പ്രദേശം കയ്പമംഗലം ആയ സാഹചര്യത്തിലാണ് കയ്പമംഗലം പഞ്ചായത്ത് അടക്കാൻ തീരുമാനിച്ചതെന്നും, ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ വ്യാപനം എല്ലാ മേഖലയിൽ പടരുമെന്നും കളക്ടർ വ്യക്തമാക്കി. അടച്ചു പൂട്ടിയതിനെ തുടർന്ന് മത്സ്യബന്ധനവും വിൽപ്പനയും പൂർണ്ണമായും നിരോധിച്ചു.
ആശുപത്രി, ആവശ്യ സർവ്വീസുകൾക്കല്ലാതെ വാഹന സർവീസുകൾ അനുവദിക്കില്ല. മെഡിക്കൽ ഷോപ്പ്, ആശുപത്രി , ലാബ്, റേഷൻ കട എന്നിവ കൊവിഡ് മാനദണ്ഡങ്ങളോടെ തുറന്നു പ്രവർത്തിക്കും. വാർഡിൽ ഒന്നോ രണ്ടോ പച്ചക്കറി പലചരക്ക് കടകൾ പഞ്ചായത്തംഗം, ആർ.ആർ.ടി എന്നിവരുമായി ആലോചിച്ച് തുറക്കാം. ദേശീയ പാതയും, മറ്റ് പ്രധാന റോഡുകളും ഒഴികെ എല്ലാ റോഡുകളും അടക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കയ്പമംഗലത്തെ വിവിധ സ്ഥലങ്ങളിൽ കൊവിഡ് നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ മജിസ്‌ട്രേറ്റ് ഓഫീസറിന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് കർശന നടപടി ആരംഭിച്ചു. സാമൂഹിക അകലം പാലിക്കാതെയും, മാസ്‌കുകൾ ശരിയായ വിധം ധരിക്കാതെയും, 60 വയസ് കഴിഞ്ഞവരെയും ,10 വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കിയതിനും രണ്ടു ദിവസങ്ങളിലായി 50 ഓളം കേസുകൾ ചാർജ് ചെയ്തതായി മജിസ്‌ട്രേറ്റ് ഓഫീസർ എൻ. ശാന്തി പറഞ്ഞു.