ചാലക്കുടി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചാലക്കുടി നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ടു ദിവസം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് തീരുമാനിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ അടച്ചിടലിന് അംഗീകാരം തേടി കളക്ടർക്ക് കത്തയച്ചു. പോട്ട പെരിയച്ചിറ മുതൽ ചാലക്കുടി പുഴമ്പാലം വരെയും ദേശീയ പാതയിലെ ഇരു ഭാഗങ്ങളിലും അടച്ചിടൽ ബാധകമാണ്.
പഴയ ദേശീയപാത, ആനമല ജംഗ്ഷൻ, മാർക്കറ്റ് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, കെ.എസ്.ആർ.ടി.സി റോഡ് എന്നിവിടങ്ങളിലും തീരുമാനം ബാധകമാണ്. ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ ഒഴിവാക്കി. വഴിയോര കച്ചവടം, ഉന്തുവണ്ടികളിലെ വിൽപ്പന എന്നിവ ഒരാഴ്ച പ്രവർത്തിപ്പിക്കരുതെന്ന് തീരുമാനം എടുത്തിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു.
സ്ഥാപനങ്ങൾ മുടക്കുള്ള ദിവസങ്ങളിൽ മറ്റിടങ്ങളിൽ താത്കാലിക കച്ചവടം നടത്തുന്ന പ്രവണതയും അനുവദിക്കില്ല. സ്ഥാപനങ്ങളും മറ്റും ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ദ്രുത കർമ്മ സേന പ്രവർത്തകർ സ്ഥലത്തെത്തി ബോധവത്കരണം നടത്തും.
അടച്ചിടുന്ന പ്രദേശം
ടൗൺ പ്രദേശം, പോട്ട, റെയിൽവേ സ്റ്റേഷൻ റോഡ് മുനിസിപൽ ജംഗ്ഷൻ വരെ, സൗത്ത് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി റോഡ്, മാർക്കറ്റ് റോഡ്.
ബാധകമല്ലാത്തത്
പടിഞ്ഞാറെ ചാലക്കുടി, കോട്ടാറ്റ്, നോർത്ത് ചാലക്കുടി, താലൂക്ക് ആശുപത്രി റോഡ്