പാവറട്ടി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മണലൂർ മണ്ഡലത്തിലെ അതീവ ജാഗ്രത പ്രദേശങ്ങളായ മണലൂർ, വാടാനപ്പിള്ളി, പാവറട്ടി, ചൂണ്ടൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം ഓൻലൈനായി ചേർന്നു. മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളക്ടർ എസ്. ഷാനവാസ്, നോഡൽ ഓഫീസർ മധു, ചാവക്കാട് തഹസിൽദാർ എന്നിവർ പങ്കെടുത്തു.
വളരെ ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഒക്ടോബർ 19ന് മണലൂർ മണ്ഡലത്തിൽ 11 കൊവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. 20ന് 43ഉം 21ന് 55ഉം ആയി രോഗബാധ വർദ്ധിച്ചു. സമ്പർക്കത്തിൽ നിന്നുമാണ് രോഗവ്യാപനമെന്നാണ് വിലയിരുത്തൽ. അതിനാൽ പാവറട്ടി, മണലൂർ പഞ്ചായത്തുകളിൽ പ്രത്യേകശ്രദ്ധ വേണമെന്നും യോഗം വിലയിരുത്തി.
നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന കണ്ടശ്ശാം കടവ് മാർക്കറ്റിൽ പൊലീസിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ജാഗ്രത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതോടൊപ്പം പരിപൂർണ സഹകരണം ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് എം.എൽ.എ. അഭ്യർത്ഥിച്ചു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
കുട്ടികളിലും പ്രായമായവരിലും രോഗവ്യാപനം കൂടുതലാണ്, പുറത്തിറങ്ങരുത്
മീൻ, പത്രം, പാൽ തുടങ്ങിയവ വിതരണം ചെയ്യുന്നവരെ പരിശോധിക്കണം
കടകളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ്, പഞ്ചായത്ത് ഇടപെടണം
ആർ.ആർ.ടി മാരുടെ പ്രവർത്തനം സ്ഥിരമായി ഉറപ്പു വരുത്തണം
വിജയദശമി, നബിദിനം തുടങ്ങിയ ചടങ്ങുകളിൽ ആൾക്കൂട്ടം ഉണ്ടാകരുത്
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവിടങ്ങളിൽ ജാഗ്രത വേണം
7 മണിക്ക് ശേഷം കടകൾ തുറക്കുന്നില്ല എന്ന് പൊലീസ് ഉറപ്പുവരുത്തണം