ചാലക്കുടി: പരിയാരം, മേലൂർ, കൊടകര പഞ്ചായത്തുകൾ കൊവിഡ് അനിയന്ത്രിത പ്രദേശങ്ങളായി കളക്ടർ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കാൻ തഹസിൽദാർ ഇ.എൻ. രാജു വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നും കൂടുതൽ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കാണ് യോഗം നിർദ്ദേശിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിന് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ വീടുവീടാന്തരം അറിയിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ബി.ഡി. ദേവസി എം.എൽ.എ ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാൻ വാർഡ്, പഞ്ചായത്ത് തല ആർ.ആർ.ടികൾ യോഗം ചേരുകയും സ്ഥിതിഗതികൾ പരിശോധിച്ച് വിലയിരുത്തുകയും വേണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.
മേലൂരിൽ അവലോകന യോഗം
കളക്ടറുടെ അതീവ ജാഗ്രതാ മുന്നറിയിപ്പുണ്ടായതിനെ തുടർന്ന് മേലൂർ പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അടിയന്തര അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയ 3, 5 വാർഡുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.
റേഷൻ, പലചരക്ക്, പച്ചക്കറി കടകൾ എന്നിവ പൊലീസിന്റെ നിർദ്ദേശാനുസരണം തുറന്നു പ്രവർത്തിക്കുക, ചായക്കടകൾ, ബേക്കറികൾ എന്നിവ തുറക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നത്. നിർദ്ദേശങ്ങൾ ലംഘിക്കുവർക്കെതിരെ ശക്തമായ നടപടികൾക്കാണ് തീരുമാനം. സെക്ടർ മജിസ്‌ട്രേറ്റ് എസ്. സിജു അവലോകനം നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 207ഉം മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 69 പേരുമാണ് ഇപ്പോൾ കൊവിഡ് രോഗികൾ.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പൈനാടത്ത്,
അസിസ്റ്റന്റ് സെക്രട്ടറി സി.എൻ. അനൂപ്, സെക്രട്ടറി പി.എസ്. ഫ്രാൻസിസ് എന്നിവർ പ്രംസഗിച്ചു
പരിയാരം പഞ്ചായത്തിൽ 15 പേർക്ക് കൊവിഡ്
പരിയാരം പഞ്ചായത്തിൽ വീണ്ടും കൊവിഡ് ബാധ രൂക്ഷം. ശനിയാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേത്തടർന്ന് കർശന നിയന്ത്രണങ്ങൾക്കാണ് തീരുമാനം. തൂമ്പാക്കോട്, ഒറ്റക്കൊമ്പൻ വാർഡുകളിലാണ് രോഗ വ്യാപനം കൂടുതൽ. 11-ാം വാർഡിൽ മാത്രം എട്ട് കൊവിഡ് രോഗികളുണ്ട്. മൂന്നു കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ്. ഇവരുടെ സമ്പർക്ക പട്ടിക വിപുലമായതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. പത്താം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ തൊഴിലുറപ്പ് തൊഴിലാളിയുമുണ്ട്. ഇവരുടെ സമ്പർക്കവും ആശങ്കപ്പെടുത്തുന്നതാണ്. ഇതോടെ പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 61 ആയി. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് പറഞ്ഞു.