viyyur

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനത്തിൽ 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 74 പേർ തടവുകാരും 11 പേർ ഉദ്യോഗസ്ഥരുമാണ്. ഇരുന്നൂറോളം പേരുടെ പരിശോധന നടക്കാനുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധയുണ്ടായേക്കുമെന്നാണ് സൂചന.

മാവോവാദി നേതാവ് രൂപേഷിന് ഉൾപ്പെടെ 51 തടവുകാർക്കും ഏഴ് ഉദ്യോഗസ്ഥർക്കും ആദ്യ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിലാണ് 85 പേർക്ക് സ്ഥിരീകരിച്ചത്. ഞായറാഴ്ചയിലെ പരിശോധനയിൽ 18 തടവുകാർക്കും നാല് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച 171 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഞായറാഴ്ച 124 പേരെ പരിശോധന നടത്തി. അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ളവരുടെ പരിശോധന നടക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപിച്ച് ഒരു തടവുകാരൻ മരിക്കാനിടയായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ചിരുന്നു. വ്യാപന സാഹചര്യം കുറഞ്ഞതോടെ ഇവരെല്ലാം ജയിലിലേക്ക് തിരിച്ചെത്തി. റിമാൻഡ് തടവുകാരെ കൊവിഡ് നിരീക്ഷണത്തിനായി പാർപ്പിച്ചിരുന്ന അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസിൽ പിടിയിലായി റിമാൻഡിലായ തിരുവനന്തപുരം സ്വദേശി ഷമീർ മർദ്ദനമേറ്റ് മരിച്ച വിവാദത്തോടെ സെന്റർ ഇവിടെ നിറുത്തലാക്കി. ഇതോടെ ജയിലിൽ തന്നെ കേന്ദ്രം സജ്ജമാക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തിൽ കൃത്യമായ പരിശോധനകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യഘട്ടത്തിൽ അത് ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസത്തിൽ മാവോവാദി നേതാവ് രൂപേഷിനുൾപ്പെടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.