musris

കൊടുങ്ങല്ലൂർ: ഒരിടവേളയ്ക്ക് ശേഷം കൊടുങ്ങല്ലൂർ കായലിന്റെ ഓളപ്പരപ്പിൽ വീണ്ടും പൈതൃക ജലയാത്രകൾ സജീവമാകുന്നു. അടച്ചിട്ടിരുന്ന മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പൈതൃക ജലയാത്രകളാണ് പുനരാരംഭിച്ചത്. അടച്ചിടലിന് ശേഷമുള്ള കന്നിയാത്രയ്ക്ക് കൊടുങ്ങല്ലൂരിലെ ജനപ്രതിനിധികൾ തുടക്കമിട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച മുസിരിസ് പൈതൃക ജലയാത്രയുടെ ആദ്യഘട്ടം അഡ്വ . വി. ആർ സുനിൽകുമാർ എം.എൽ.എ കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു.
മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവേശനം. അഞ്ച് ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബോട്ടുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. മണിക്കൂറുകൾ നീളുന്ന യാത്രകൾക്കായി അഞ്ച് വാട്ടർ ടാക്‌സികളും സർവീസ് നടത്തും. രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് സമയം. സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലാണ് ഭക്ഷണം അടക്കമുള്ള പാക്കേജ്. 24 പേർക്ക് പോകാവുന്ന ബോട്ടിൽ 12 പേർക്കും ആറ് പേർക്ക് പോകാമായിരുന്ന വാട്ടർ ടാക്‌സിയിൽ മൂന്നുപേർക്ക് വീതവുമാണ് യാത്രചെയ്യാൻ അനുമതി. പറവൂർ സിനഗോഗ്, കോട്ടപ്പുറം കോട്ട, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം, പള്ളിപ്പുറം കോട്ട, അഴീക്കോട് മാർത്തോമ തീർത്ഥകേന്ദ്രം, വിവിധ മ്യൂസിയങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കോട്ടപ്പുറം കായലോരത്ത് നിന്ന് സർവീസ് പുനരാരംഭിക്കുന്നത്. പൈതൃക പദ്ധതിയുടെ മറ്റൊരു പ്രധാന കേന്ദ്രമായ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചും ചിൽഡ്രൻസ് പാർക്കും നവംബർ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും.
കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ. ആർ ജൈത്രൻ, വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി. എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർമാരായ സജ്‌ന വസന്തരാജ്, മിഥുൻ ശേഖർ എന്നിവർ ആദ്യഘട്ട പൈതൃക ജല യാത്രയിൽ പങ്കെടുത്തു. പൈതൃക പദ്ധതി പ്രദേശങ്ങളായ പറവൂർ ജൂതപ്പള്ളി, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം, പള്ളിപ്പുറം മഞ്ഞുമാതാപ്പള്ളി, മുനമ്പം അഴീക്കോട് അഴിമുഖം, പറവൂർ പാലിയം കൊട്ടാരം, കോട്ടപ്പുറം കോട്ട എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.