crime

അന്തിക്കാട് : മുറ്റിച്ചൂർ നിധിൽ വധക്കേസിൽ രണ്ടുപേരെ കൂടി പിടിയിലായതോടെ പ്രതിപ്പട്ടികയിൽ പട്ടികയിലെ മുഴുവൻ പേരും അകത്തതായി. അന്തിക്കാട് പറപ്പുള്ളി സന്ദീപ് (ഗുജ്ജാണ്ടി 24), മണലൂർ പാലക്കൽ വിനായകൻ (അമ്പാടി 25) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ, പഴനി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഗുജറാത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പണവും തിരിച്ചറിയൽ രേഖകളും പ്രതികൾ ഇതിനകം സംഘടിപ്പിച്ചിരുന്നു. കേസിൽ ആകെ 12 പ്രതികളാണുള്ളത്.ഒക്ടോബർ പത്തിനാണ് മാങ്ങാട്ടുകര വട്ടുകുളം അമ്പലത്തിന് മുൻവശത്ത് വച്ച് കാറിൽ വരികയായിരുന്ന മുറ്റിച്ചൂർ കൂട്ടാല നിധിലിനെ എതിരെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കാറിൽ നിന്നിറക്കി വെട്ടിക്കൊന്നത്. സംഭവത്തിനുശേഷം അതുവഴി വന്ന കാറിലും ബൈക്കിലുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരും ഗൂഢാലോചനയിലും പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ ആറുപേരുമടക്കം 12 പേരാണ് ഈ കേസിൽ പിടിയിലായത്. വർഷങ്ങളായി രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദീപക് വധക്കേസിലെ പ്രതിയായ നിജിലിന്റെ സംഘവും (കുഞ്ഞപ്പു) ദീപകിന്റെ സഹായിയായിരുന്ന പെരിങ്ങോട്ടുകര സ്വദേശി സ്മിത്തിന്റെ സംഘവും തമ്മിൽ നിരന്തരം ആക്രമണങ്ങൾ നടന്നിരുന്നു. പലതവണ പരസ്പരം വീടാക്രമിക്കുകയും വാഹനമിടിച്ചുവീഴ്ത്തി ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ചേരിപ്പോരിന്റെ ഭാഗമായാണ് സ്മിത്തിന്റെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട താന്ന്യം കുറ്റിക്കാട്ട് ആദർശ് ഈ വർഷം ജൂലായിൽ കൊല്ലപ്പെടുന്നത്. ആദർശ് വധത്തിൽ എട്ടാം പ്രതിയാണ് ഇപ്പോൾ കൊല്ലപ്പെട്ട നിധിൽ. നിധിലിന്റെ സഹോദരന്മാരും ആദർശ് കൊലക്കേസിലെ പ്രതികളാണ്. ആദർശ് വധത്തിന്റെ പ്രതികാരമായാണ് നിധിലിനെ വധിച്ചതെന്നാണ് പൊലീസ് നിഗനമനം.

തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം റൂറൽ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപാലകൃഷ്ണൻ, ക്രൈംബ്രാഞ്ച് ഡിവൈ.എ്.പി. രാമചന്ദ്രൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകിയത്. എസ്.എച്ച്.ഒമാരായ പ്രശാന്ത് ക്ലിന്റ്, പി.ആർ ബിജോയ്, എം.ജെ ജിജോ, അരുൺ, എസ്.ഐമാരായ കെ.എസ്. സുശാന്ത്, കെ.ജെ ജിനേഷ്, മുഹമ്മദ് റാഫി, മണികണ്ഠൻ എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ടായി.