തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ എല്ലാ വാർഡുകളും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഇന്നുമുതൽ പൂർണ്ണമായും അടച്ചിടും. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ എർപ്പെടുത്തും.
വഴിയോര കച്ചവടം നിരോധിച്ചു. അവശ്യസർവീസുകളായ മെഡിക്കൽ ഷോപ്പ്, പലചരക്ക്, പച്ചക്കറി, പാൽ, ബേക്കറി കടകൾ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. മറ്റു കടകൾ അടച്ചിടും. പ്രധാന ജംഗ്ഷനുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പലചരക്ക്, പച്ചക്കറി, ഫ്രൂട്ട്‌സ് വിഭാഗത്തിൽ രണ്ട് കടകൾ വീതം തുറക്കും. മർച്ചന്റ്‌സ് അസോസിയേഷൻ നൽകുന്ന ലിസ്റ്റ് പ്രകാരമായിരിക്കും കടകൾ തുറക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ സ്ഥാപനങ്ങളും, ബാങ്കുകളും പകുതി ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കും. ബാങ്കുകളുടെ പ്രവർത്തനസമയം ഉച്ചക്ക് 2 മണി വരെയായിരിക്കും. പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൾ അടച്ചിടാനും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ കെ. സുമേഷ്, സെക്ടറൽ മജിസ്‌ട്രേറ്റ് സുഹർഷ, വില്ലേജ് ഓഫീസർ ഷിനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, വ്യാപാരി പ്രതിനിധികളായ ഡാലി ജെ തോട്ടുങ്ങൽ, ഇ.എസ്. സുരേഷ്ബാബു, ഷമീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
24ന് നടത്തിയ പരിശോധനയിൽ പഞ്ചായത്തിലെ 36 പേർ കൊവിഡ് ബാധിതരായി. ഇതേ തുടർന്നാണ് നാട്ടിക പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചത്.