 
തൃപ്രയാർ: ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ ശോഭ സുബിൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വികസന രേഖ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന് വികസന രേഖ നൽകിക്കൊണ്ടാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തത്. അഞ്ച് വർഷങ്ങൾക്കുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങൾക്കും, ജനകീയ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാൻ തൃപ്രയാർ ഡിവിഷന് കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഒരു കോടിയുടെ കഴിമ്പ്രം ബീച്ച് വികസനം, 30 ലക്ഷം രൂപയ്ക്ക് നാട്ടിക സ്കൂളിൽ ജിംനേഷ്യം, 87 ലക്ഷം രൂപയ്ക്ക് വലപ്പാട് ഗ്രൗണ്ട് വികസനം, 35 ലക്ഷം രൂപയ്ക്ക് ഇ.കെ.സി റോഡ് വികസനം, എടത്തിരുത്തിയിൽ എസ്.സി ഫ്ലാറ്റ് നിർമ്മാണം, കോഴിത്തുമ്പ് കോളനിയിൽ 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനം, ഒട്ടനവധി കോളനികളുടെ വികസനം, മൂന്ന് അംഗൻവാടികളുടെ നിർമ്മാണം പൂർത്തീകരിച്ചു. റോഡുകൾ, കാനകൾ, ലൈബ്രറി എന്നിവയുടെ വികസനങ്ങളും രേഖയിലുണ്ട്.
നാട്ടിക സ്പോർട്സ് അക്കാഡമിക്ക് വർഷം 10 ലക്ഷം രൂപയും, യോഗിനി മാതയിലെ കുട്ടികൾക്ക് പാർക്കും ശോഭ സുബിൻ്റെ ഇടപെടൽ മൂലം നടന്നതാണ്. മികച്ച പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും അവാർഡുകൾ, ഡിവിഷനിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തിയാണ് വികസന രേഖ തയ്യാറാക്കിയിരിക്കുന്നത്. വികസന രേഖ തയാറാക്കിയ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ് പുളിക്കലും ജിതേഷ് സോമനും ചടങ്ങിൽ സംബന്ധിച്ചു.