 
തൃശൂർ: പൊലീസിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനവും ചോദ്യംചെയ്യൽ കേന്ദ്രവും തൃശൂർ രാമവർമ്മപുരത്ത് തുറന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളെ റിഫ്‌ളക്‌ഷൻ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയും ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിട്ടുളളത്.
തൃശൂർ സിറ്റി പൊലീസ് എ.ആർ ക്യാമ്പിനു സമീപം രാമവർമ്മപുരത്താണ് 79.25 ലക്ഷം രൂപ ചെലവിൽ കെട്ടിടവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ, മേയർ അജിത ജയരാജൻ, ഡിവിഷൻ കൗൺസിലർ വി.കെ. സുരേഷ് കുമാർ എന്നിവരും, അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (ക്രമസമാധാനം) ഷെയ്ക് ദാർവേഷ് സാഹിബ്, ഉത്തരമേഖലാ ഐ.ജി.പി: അശോക് യാദവ്, തൃശൂർ മേഖലാ ഡി.ഐ.ജി: എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ജില്ലാ പൊലീസ് മേധാവി തൃശൂർ (റൂറൽ) ആർ. വിശ്വനാഥ് തുടങ്ങിയവർ സന്നിഹിതരായി.