കാഞ്ഞാണി: ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ അപകടാവസ്ഥയിലായ കാഞ്ഞാണി പെരുമ്പുഴപാലം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രാരംഭനടപടികളുടെ ഭാഗമായി ഇന്നലെ തൊഴിലാളികൾ പാലത്തിനോട് ചേർന്നുള്ള കാടുകൾ വെട്ടിനീക്കി. ഇന്ന് പാലം ബലപ്പെടുത്തുന്നതിനുള്ള വസ്തുക്കൾ എത്തിക്കും.
തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ നിലനിൽക്കുന്നതും മണലൂർ അരിമ്പൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ പെരുമ്പുഴ വലിയപാലം അപകടത്തിലായതിനെ തുടർന്നാണ് ബലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ ആഗസ്റ്റ് 14ന് 60,60,000 രൂപയ്ക്കുള്ള എസ്റ്റിമേറ്റ് സമർപ്പിച്ച് ഭരണാനുമതി ലഭിക്കാൻ വൈകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ഭരണാനുമതിയും സങ്കേതികാനുമതിയും ലഭിച്ച് ടെണ്ടർ വിളിച്ചപ്പോൾ ആരും പങ്കെടുക്കാത്തതിനാൽ രണ്ടാമത് റീ ടെണ്ടറും വേണ്ടിവന്നു. അതിൽ പങ്കെടുത്ത രണ്ട് കമ്പനികളും നിലവിലുള്ള എസ്റ്റിമേറ്റിൽ കുടുതലായിട്ടാണ് ടെണ്ടർ വെച്ചത്. അതിൽ തൃശൂരിലെ സി2 എന്ന കമ്പനി 15ശതമാനം കൂടുതൽ ആവശ്യപ്പെട്ടതിനാൽ പാലം ബലപ്പെടുത്തൽ വീണ്ടും നീണ്ടുപോകുമെന്നുള്ള ആശങ്കയുമുണ്ടായി. പിന്നീട് മുരളിപെരുന്നെല്ലി എം.എൽ.എയുടെ അടിയന്തര ഇടപെടലിലൂടെയാണ് അഞ്ച് ശതമാനം കുറച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ കമ്പനി തയ്യാറായത്.

...................................

ദുരിതത്തിന് ഉടൻ ആശ്വാസമാകുമെന്ന് പ്രതീക്ഷയിൽ യാത്രക്കാർ
പാലം അപകടത്തിലായതോടെ തൃശൂർക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കും പോകുന്നതിന് പാലത്തിലൂടെ നടന്നുപോയി അവിടെയുള്ള ബസുകളിൽ കയറേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. രാവിലെയും വൈകീട്ടും ചെറുവാഹനങ്ങളുടെ ഗതാഗതകുരുക്കും ജോലി സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിപ്പെടാൻ കഴിയാത്തതും ദുരിതമായി. പാലത്തിൽ ലൈറ്റ് ഇല്ലാത്തതും ജോലികഴിഞ്ഞ് വരുന്നവർക് ഭീതിജനകമായിരുന്നു. എന്നാൽ ഇന്ന് പാലം ബലപ്പെടുത്തലിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണ് ജനങ്ങൾ.


...................................

ഇന്ന് പാലം ബലപ്പെടുത്തലിനുള്ള സാധനസാമഗ്രികൾ എത്തിക്കും. അതിന് മുന്നോടിയായി കമ്പനി തൊഴിലാളികളെ ഉപയോഗിച്ച് കാടുകളെല്ലാം വെട്ടി പാലത്തിന്റെ പരിസരങ്ങൾ വൃത്തിയാക്കി. മൂന്നുമാസമാണ് പാലം ബലപ്പെടുത്താൻ കലാവധി കൊടുത്തിരിക്കുന്നത്.

- രാജൻ, അസി.എൻജിനിയർ, ബ്രിഡ്ജ് വിഭാഗം ചാവക്കാട്