
വടക്കാഞ്ചേരി: ജനങ്ങളോട് ചേർന്ന് നിന്നാണ് ഇടതു സർക്കാരിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരി നഗരസഭയ്ക്കായി നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിനെ തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി കിച്ചൻ എന്ന ആശയം നടപ്പാക്കുന്നതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനം വഹിച്ച പങ്ക് ഏറെ നിസ്തുലമാണ്. എല്ലാവർക്കും വീട് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ലൈഫ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കുന്നതിൽ നഗരസഭ ചെയ്ത പ്രവർത്തനം മാതൃകാപരമാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ നഗരസഭയാണ് വടക്കാഞ്ചേരിയിലേതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. മുൻ എം.പി ഡോ. പി.കെ. ബിജു, നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ സോമനാരായണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ അനൂപ് കിഷോർ എന്നിവർ പ്രസംഗിച്ചു.
ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണാൻ
ചിലർക്ക് താത്പര്യം: മന്ത്രി മൊയ്തീൻ
വടക്കാഞ്ചേരി: ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണാമല്ലോയെന്നാണ് ചിലരുടെ കണക്കുകൂട്ടലെന്ന് മന്ത്രി എ.സി. മൊയ്തീൻ. വടക്കാഞ്ചേരി നഗരസഭാ കെട്ടിട ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ലൈഫ് മിഷൻ പാർപ്പിട പദ്ധതിയുടെ നിർമ്മാണം നിലച്ചതോടെ പാവപ്പെട്ടവരുടെ കിടപ്പാടം എന്ന സ്വപ്നമാണ് പാഴായത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. മറിച്ച് വികസനം തടസപ്പെടുത്തുകയല്ല വേണ്ടത്. തന്റെ മണ്ഡലമല്ലെങ്കിലും ജനിച്ച നാട്ടിൽ വികസനം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.