dmo

തൃശൂർ : ഈ മാസം മാത്രം കൊവിഡ് രോഗികൾ കാൽ ലക്ഷത്തിലേക്ക് അടുക്കുമ്പോഴും കുത്തഴിഞ്ഞ് കിടക്കുന്ന നിയന്ത്രണങ്ങൾക്ക് എതിരെ മുഖം നോക്കാതെയുള്ള നടപടികളെടുക്കാൻ ആരോഗ്യ വിഭാഗം രംഗത്ത്. ഡി.എം.ഒയുടെ നേതൃത്വത്തിൽ മുപ്പതിലധികം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനകൾ കർശനമാക്കിയത്. വൃദ്ധസദനം, സർക്കാർ, സ്വകാര്യ സ്ഥാപനം, വ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ ഇന്നലെ മുതൽ പരിശോധന കർശനമാക്കി. പരിശോധനകളിൽ ഒരിടത്തും ബ്രേക്ക് ദ ചെയിൻ നടപ്പാക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വൃദ്ധ സദനങ്ങളിൽ അന്യസംസ്ഥാനക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശം പോലും പാലിക്കുന്നില്ല.

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധന തുടരും. നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ മെഡിക്കൽ ഓഫീസറുടെ അധികാരം ഉപയോഗിച്ച് സ്ഥാപനം പൂട്ടിക്കും. ഇന്നലെ വൃദ്ധസദനത്തിൽ പരിശോധന നടത്തുന്നതിനിടെ മാസ്‌ക് പോലും ധരിക്കാതെ അസം സ്വദേശി അന്തേവാസികളുടെ സമീപത്തേക്ക് ചെല്ലുന്നതും കണ്ടെത്തി.

പല സ്ഥാപനങ്ങളിലും മാനേജർമാർ പോലും സ്ഥലത്തില്ല. സ്വകാര്യ വൃദ്ധസദനത്തിൽ 150 പേർക്കാണ് കൊവിഡ് പൊസിറ്റീവ് ആയത് . ഇതിൽ അഞ്ച് പേർ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ട് പോലും തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം വിനോദ സഞ്ചാര കേന്ദ്രമായ പീച്ചിയിലേക്ക് സന്ദർശക പ്രവാഹമായിരുന്നു.

ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡി.എം.ഒയുടെ നേതൃത്വത്തിൽ സ്ക്വാഡുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തോളം സന്ദർശകരാണ് പീച്ചിയിലെത്തിയത്. ആദ്യ ദിവസം 100 പേർ മാത്രമാണെത്തിയത്. അകത്തു പ്രവേശിച്ചവരിൽ പലരും കൊവിഡ് മാനദണ്ഡം പാലിക്കുന്നില്ല.

നഗരത്തിലും നിയന്ത്രണം പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. തേക്കിൻകാട് മൈതാനിയിൽ ആൾക്കൂട്ടം കൂടി വരികയാണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് തൃശൂരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഒരു സ്ഥാപനം പൂട്ടിച്ചു

ഡി.എം.ഒ കെ.ജെ റീനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ജാഗ്രതാ നിർദ്ദേശം പാലിക്കാതിരുന്ന ഒരു സ്ഥാപനം പൂട്ടിച്ചു. മറ്റൊരു സ്ഥാപനത്തിന് നോട്ടീസ് നൽകി. 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമായി തുടരും.

"പരിശോധനകൾ കർശനമാക്കാൻ ആരോഗ്യ വകുപ്പ് പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായും വ്യത്യസ്തമായും പരിശോധനകൾ നടത്തും. നിയന്ത്രണം ലംഘിച്ചവർക്കെതിരെ കർശന നടപടിയെടുക്കും. പിഴയടപ്പിച്ചിട്ടും ലംഘനം തുടർന്നാൽ സ്ഥാപനം പൂട്ടിക്കും

കെ.ജെ റീന

ഡി.എം.ഒ