പാവറട്ടി : ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് നിർധനരായ സഹപാഠികൾക്കായി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ നാമധേയത്തിൽ മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകത്ത് നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം 28ന് രാവിലെ 10.30ന് നടത്തുമെന്ന് കോ- ഓർഡിനേറ്റർ ഡോ.സി.ടി. ജയിംസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പറപ്പൂർ സെന്റ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയും സ്‌കൗട്ട് അംഗവുമായ ഊരകം പുഴങ്ങര ഇല്ലത്ത് ഷംസുദ്ദിന്റെ മകൾ തമനയുടെ കുടംബത്തിനാണ് വീട് കൈമാറുന്നത്. തമനയുടെ പിതാവ് ഷംസുദ്ദിൻ മരത്തിൽ നിന്നും വീണ് ഉപജീവനം പോലും വഴിമുട്ടിയതറിഞ്ഞാണ് ഭാരത് സ്‌കൗട്ട് ഗൈഡ്സ് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്.
സഹപാഠികളും അദ്ധ്യാപകരും സുമനസുകളും നൽകിയ സംഭാവന സ്വരൂപിച്ച് 5.6 അഞ്ച് ലക്ഷത്തിൽ അറുപതിനായിരം രൂപയും സർക്കാർ ധനസഹായവും ചേർത്താണ് 860 ചതുരശ്ര അടിയിൽ വീട് നിർമ്മിച്ചിരിക്കുന്നത്. ജില്ലയിലെ മൂന്നാമത്തേ വീടിന്റെ താക്കോൽ കൈമാറുന്നത് ടി.എൻ. പ്രതാപൻ എം.പിയാണ്. ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. സ്റ്റേറ്റ് കമ്മിഷണർ പ്രൊഫ. ഇ.യു. രാജൻ, ജില്ലാ ഒർഗനൈസിംഗ് കമ്മിഷണർ സി.ഐ. തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.