
തൃശൂർ: വിയ്യൂർ ജയിലിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെന്ററിൽ റിമാൻഡ് തടവുകാരൻ തിരുവനന്തപുരം സ്വദേശി ഷമീർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കൂടി നടപടി. അസി. ജയിൽ സൂപ്രണ്ടിനെയും രണ്ട് അസി. പ്രിസൺ ഓഫീസർമാരെയും സസ്പെൻഡ് ചെയ്തു.
ഗ്രേഡ് ഒന്ന് അസി. ജയിൽ സൂപ്രണ്ട് അതുൽ, അസി. പ്രിസൺ ഓഫീസർമാരായ റിജു, സുഭാഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ സംഭവത്തിൽ ഇതേവരെ ആറ് ജയിൽ ജീവനക്കാർ സസ്പെൻഷനിലായി. സംഭവത്തിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഷമീറിൻ്റെ ഭാര്യ സുമയ്യ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ രംഗത്ത് വന്നിരുന്നു. ഷമീറിനെ ജയിൽ ജീവനക്കാർ മർദ്ദിക്കുന്നത് നേരിട്ട് കണ്ടതായി സുമയ്യയും മറ്റ് കൂടെയുണ്ടായിരുന്ന തടവുകാരും മൊഴി നൽകിയിരുന്നു. പൊലീസുകാരാണ് മർദ്ദിച്ചതെന്ന് പറയാൻ ഋഷിരാജ് സിംഗ് നിർബന്ധിച്ചുവെന്ന് സുമയ്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. പത്ത് കിലോ കഞ്ചാവുമായി ശക്തൻ നഗർസ്റ്റാൻഡിൽ നിന്നും ഇക്കഴിഞ്ഞ 29നാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 30ന് അസ്വസ്ഥത തോന്നി ഷമീറിനെ മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ഒന്നിന് മരിച്ചു. കസ്റ്റഡിയിൽ ക്രൂരമായി മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കൊവിഡ് ചികിത്സയുടെ പേരിലുള്ള
കൊള്ള തടയണം : ബി.ജെ.പി
തൃശൂർ: കൊവിഡ് ചികിത്സയ്ക്കായി ചില സ്വകാര്യ ആശുപത്രികൾ വൻതുക ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചൂഷണം ചെയ്യുന്നത് തടയാൻ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. റൂമിന് ഒരു ദിവസത്തേയ്ക്ക് അയ്യായിരവും പതിനായിരവും രൂപ ഈടാക്കുന്നതായാണ് പരാതി. കൂടാതെ ചികിത്സയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കും വലിയ തുകയാണ്. കൊവിഡ് ചികിത്സയുടെ നിരക്കുകളെ സംബന്ധിച്ച് മാനദണ്ഡം നിശ്ചയിച്ച് മാർഗ്ഗ നിർദ്ദേശം നൽകാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. കൊവിഡ് പോലൊരു മഹാമാരിയെ ഒന്നിച്ച് നിന്ന് നേരിടേണ്ട സമയത്ത് രോഗികളുടെ നിസഹായാവസ്ഥ മുതലെടുത്ത് അമിതലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അഡ്വ. കെ.കെ അനീഷ് കുമാർ പറഞ്ഞു.