
തൃശൂർ: ജില്ലയിലെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി ആദ്യ സിന്തറ്റിക് ട്രാക്ക് നിർമാണത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി. 7 കോടി രൂപ ചെലവിൽ കുന്നംകുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർമാണം പൂർത്തിയായ ഫുട്ബോൾ മൈതാനത്തിന് ചുറ്റുമാണ് ട്രാക്ക് നിർമ്മിക്കുക. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ അന്തിമ അനുമതി വൈകുന്നത് കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അനുമതി വേഗത്തിലാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ട്രാക്ക് നിർമാണത്തിനുള്ള ഭൂമി കായികവകുപ്പിന് കൈമാറുന്നതിനുള്ള നടപടി വരുംദിവസങ്ങളിൽ പൂർത്തിയാക്കി സാങ്കേതിക അനുമതിയും വേഗത്തിലാക്കി മൂന്നുമാസത്തിനുള്ളിൽ ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ സ്പോർട്സ് ഹബ്ബായി കുന്നംകുളം മാറും. സംസ്ഥാന, അന്താരാഷ്ട്ര മത്സരങ്ങൾക്ക് കുന്നംകുളം വേദിയാകുന്നതോടെ നഗരത്തിലെ വാണിജ്യ കായികമേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും.അതേസമയം, ജില്ലയിലെ ആസ്ഥാനമായ തൃശൂരിലെ കോർപറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്ക് നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. ഇതിനു ആവശ്യമായ ഫണ്ട് ഇതുവരെയും വകയിരുത്തിയിട്ടില്ല.
പദ്ധതി ചിലവ്.7 കോടി
സൗകര്യങ്ങൾ
കേരളത്തിലെ കായിക താരങ്ങൾക്ക് ഏറെ ഗുണകരവും ഭാവിയിലേക്കുള്ള പ്രയാണത്തിന് ട്രാക്ക് വേദിയായി മാറും
എ.സി. മൊയ്തീൻ, മന്ത്രി