 
പ്രതീക്ഷ അർപ്പിച്ച് എൻ.ഡി.എ
തൃശൂർ: ജില്ലയിലെ നഗരസഭകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം കാഴ്ച വച്ച് ആകെയുള്ള ഏഴിൽ ആറിലും ഭരണത്തിലെത്തിയതിന്റെ ആത്മവിശ്വാസവും ഭരണനേട്ടവും നിരത്തിയാണ് എൽ.ഡി.എഫ് ഇത്തവണ കളത്തിലിറങ്ങുന്നത്. തലനാരിഴയ്ക്ക് കൈവിട്ട എതാനും നഗരസഭകൾ അടക്കം മറ്റെല്ലാം ഇക്കുറി പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫും അണിയറ നീക്കം സജീവമാക്കുന്നു. കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളിൽ അധികാരം പിടിക്കണമെന്നും മറ്റിടങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാകണമെന്നുമുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ.
ഗുരുവായൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട് എന്നീ നഗരസഭകൾ എൽ.ഡി.എഫിന്റെ കൈവശമുള്ളപ്പോൾ ഇരിങ്ങാലക്കുട മാത്രമാണ് യു.ഡി.എഫിന്റെ കൈയിലുള്ളത്. ഇതിൽ കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട് നഗരസഭകൾ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. എന്നാൽ ഗുരുവായൂരും ചാലക്കുടിയും നേരിയ ഭൂരിപക്ഷമുണ്ടെങ്കിലും സ്വതന്ത്രർ നൽകിയ പിന്തുണയോടെ അഞ്ച് വർഷം പൂർത്തിയാക്കുകയാണ് എൽ.ഡി.എഫ്. ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതേസമയം യു.ഡി.എഫിന് ലഭിച്ച ഇരിങ്ങാലക്കുടയിൽ ഇരുമുന്നണികൾക്കും തുല്യനിലയിലായിരുന്നു സീറ്റ്. ചെയർമാൻ തിരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് വോട്ട് അസാധുവായതോടെ ഭരണം യു.ഡി.എഫിന് ലഭിക്കുകയായിരുന്നു. വൈസ് ചെയർമാനെ തിരഞ്ഞെടുക്കുന്നതിനായി നടന്ന നറുക്കെടുപ്പിലും യു.ഡി.എഫ് വിജയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് നേതാക്കൾ പറയുന്നു.
ജില്ലയിലെ നഗരസഭകളിൽ ബി.ജെ.പിക്ക് ചാവക്കാട് ഒഴിച്ച് എല്ലായിടത്തും പ്രാതിനിധ്യമുണ്ട്. ഇതിൽ കൊടുങ്ങല്ലൂരിൽ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പിയാണ് മുഖ്യപ്രതിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല ഡിവിഷനുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കുന്നംകുളത്തും ശക്തമായ സാന്നിദ്ധ്യമാണ്. ഏഴ് സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്.
ഇതിനിടെ നഗരസഭകളിൽ സ്ഥാനാർത്ഥി മോഹികൾ മൂന്നു മുന്നണികളിലും ചരടുവലി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുന്നണികൾ ജില്ലാതല നേതക്കാളെയാണ് നിയോഗിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഗുരുവായൂർ നഗരസഭ
ആകെ സീറ്റ് - 43
എൽ.ഡി.എഫ് -21
യു.ഡി.എഫ് -20
ബി.ജെ.പി -1
സ്വതന്ത്രൻ -1
ഇരിങ്ങാലക്കുട നഗരസഭ
യു.ഡി.എഫ് -19
എൽ.ഡി.എഫ് -19
ബി.ജെ.പി -3
കൊടുങ്ങല്ലൂർ
എൽ.ഡി.എഫ് -24
ബി.ജെ.പി-16
യു.ഡി.എഫ്-4
വടക്കാഞ്ചേരി
ആകെ -41
എൽ.ഡി.എഫ്-25
യു.ഡി.എഫ്-15
ബി.ജെ.പി-1
ചാവക്കാട്
ആകെ-32
എൽ.ഡി.എഫ് -21
യു.ഡി.എഫ് -11
ചാലക്കുടി
ആകെ-36
എൽ.ഡി.എഫ്-17
യു.ഡി.എഫ്-16
ബി.ജെ.പി -1
സ്വതന്ത്രൻ-2
കുന്നംകുളം
ആകെ-37
എൽ.ഡി.എഫ്-15
യു.ഡി.എഫ്-12
ബി.ജെ.പി -7
സ്വതന്ത്രൻ-3