agriculture

തൃശൂർ: പച്ചക്കറി ഉത്പാദനച്ചെലവിനെക്കാൾ വിപണിവില താഴ്ന്നാൽ അടിസ്ഥാനവില പ്രഖ്യാപിച്ച് സംഭരിക്കാനുള്ള തറവില പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വർഷങ്ങളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് കരുത്തുപകരാനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14 ഇനം പച്ചക്കറികളും വിലയിൽ കാര്യമായ ചാഞ്ചാട്ടമുള്ള നേന്ത്രൻ, കൈതച്ചക്ക എന്നീ പഴവർഗങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

ഓരോ വിളയുടെയും ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം കൂടി ചേർത്താകും തറവില നിശ്ചയിക്കുക. കാലാനുസൃതമായി ഇത് പുതുക്കും. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തറവില നൽകുന്നത്.ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ സംഭരണം ഒഴിവാക്കുന്നതിന് ഇവയ്ക്ക് ഗ്രേഡും നിശ്ചയിക്കും. കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കറിൽ വരെ ആനുകൂല്യം ലഭിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി, സഹകരണം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

നവംബർ ഒന്നിന് പ്രാബല്യത്തിൽ

16 ഇനം പഴം-പച്ചക്കറികൾക്ക് അടിസ്ഥാനവില നൽകുന്ന പദ്ധതി നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ പച്ചക്കറികളുടെ വില നിർദ്ദിഷ്ട വിലയെക്കാൾ താഴ്ന്നാൽ അടിസ്ഥാന വിലയ്ക്ക് ഇവ സംഭരിച്ച് ആ തുക കർഷകന്റെ അക്കൗണ്ടിലേക്ക് നൽകും.

വിള ഇൻഷ്വർ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആനുകൂല്യം. കൃഷിവകുപ്പിന്റെ www.aims.kerala.gov.in എന്ന വെബ്‌പോർട്ടലിൽ കൃഷിവിവരങ്ങൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിക്കും.

പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി വിതരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തത്കാലം രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല. തറവില ഇങ്ങനെ

മരച്ചീനി- 12 രൂപ, നേന്ത്രക്കായ-30, വയനാടൻ നേന്ത്രൻ-24, കൈതച്ചക്ക-15, കുമ്പളം-9, വെള്ളരി-8, പാവൽ-30, പടവലം-16, വള്ളിപ്പയർ-34, തക്കാളി-8, വെണ്ട-20, ക്യാബേജ്-11, ക്യാരറ്റ്-21, ഉരുളക്കിഴങ്ങ്-20, ബീൻസ്-28, ബീറ്റ്‌റൂട്ട്-21,

കർഷകർ ചെയ്യേണ്ടത്

വിളകൾക്ക് തറവില ആനുകൂല്യം ലഭിക്കാൻ കർഷകർ കൃഷിചെയ്യും മുൻപ്

www.aims.kerala.gov.in എന്ന വെബ്‌പോർട്ടലിൽ കൃഷിവിവരങ്ങൾ രജിസ്റ്റർ ചെയ്യണം .

ഇതിനായി AIMS എന്നൊരു മൊബൈൽ ആപ്പും പ്ലേ സ്‌റ്റോറിലുണ്ട്.

 ഈ ആപ്പ് ഉപയോഗിച്ച് കർഷകർക്ക്

സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം. കർഷകരും കർഷക ഗ്രൂപ്പുകളും കൃഷിയിടത്തിന്റെ വിസ്തീർണം, വിതയ്ക്കൽ വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം എന്നിവ രേഖപ്പെടുത്തണം.

കൃഷിയിറക്കിയാൽ കർഷകർ വിള ഇൻഷ്വറൻസ് കൂടി ചെയ്യണം. ഇതിന് വിളയ്ക്ക് അനുസരിച്ച് ചെറിയ തുക നൽകേണ്ടിവരും

തുടർന്ന് രണ്ട് ഘട്ടങ്ങളിലായി കൃഷിയിടത്തിന്റെ ജിയോടാഗ് ചെയ്ത ഫോട്ടോ കൂടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

 കൃഷിയിടത്തിന്റെ ചിത്രം മൊബൈൽ ആപ്പിൽ പകർത്തി ജി.പി.എസിന്റെ സഹായത്താൽ അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് ‘ജിയോടാഗ്’.

പച്ചക്കറിവിളകളുടെ ആദ്യ ഘട്ടത്തെ ഫോട്ടോ 15 ദിവസത്തിനുള്ളിലും രണ്ടാമത്തെ ഫോട്ടോ 45 ദിവസത്തിനുള്ളിലും അപ്‌ലോഡ് ചെയ്യണം.

പൈനാപ്പിൾ, നേന്ത്രൻ, മരച്ചീനി എന്നീ വിളകൾക്ക് ഒന്നാം മാസവും അഞ്ചാം മാസവുമാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്.