തൃശൂർ: കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ എന്നിവരെ പുറത്താക്കണമെന്നും സംഗീത നാടക അക്കാഡമിയിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നാടകപ്രവർത്തകരുടെ സംഘടനയാ നാടക് (നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയ്യറ്റർ ആക്ടിവിസ്റ്റ്‌സ് കേരള) അക്കാഡമിക്ക് മുൻപിൽ നടത്തുന്ന സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്. ആർ.എൽ.വി. രാമകൃഷ്ണന് മോഹിനിയാട്ടം വേദി നൽകാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നാടക് സമരം ആരംഭിച്ചത്.
കല വളർത്താനും പരിപോഷിപ്പിക്കാനും ചുമതലയുള്ള അക്കാഡമി കലാകാരൻമാരെ അപമാനിക്കുന്നത് നിത്യസംഭവമാണെന്ന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ഷൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു.
അക്കാഡമിയെ കലാവിരുദ്ധ ഇടമാക്കിമാറ്റിയ ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവരെ പുറത്താക്കണം, ചെയർപേഴ്‌സന്റെ പേരിൽ അക്കാഡമി വെബ്‌സൈറ്റിൽ ആർ.എൽ.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുക, ചെയർപേഴ്‌സന്റെ അറിവില്ലാതെ പ്രസ്താവന തയ്യാറാക്കിയ ഉദ്യോഗസ്ഥനും അതിന് പ്രേരിപ്പിച്ച സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ചുമതലയേറ്റ നാൾ മുതൽ കലാകാരൻമാരെ അവഹേളിക്കുന്ന സമീപനമാണ് സെക്രട്ടറി സ്വീകരിക്കുന്നതെന്നാണ് നാടക് പ്രവർത്തകരുടെ ആക്ഷേപം.
സമരം തുടങ്ങി 22 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. വരും ദിവസങ്ങളിൽ തുടർസമരത്തിന്റെ അന്തിമരൂപമാകും. ജില്ലാ പ്രസിഡന്റ് കെ.ബി. ഹരി, ജില്ലാ സെക്രട്ടറി രാജേഷ് നാവത്ത്, നാടക സംവിധായകൻ കെ.വി. ഗണേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.