തൃശൂർ: കൊവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ തൃശൂർ കോർപറേഷനിലും ശക്തൻ, ജയ്ഹിന്ദ് മാർക്കറ്റുകളിൽ അടക്കം നഗരത്തിലെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളിൽ 28 ന് കൊവിഡ് ബോധവത്ക്കരണം സംഘടിപ്പിക്കും.

ബ്രേക്ക് ദി ചെയിൻ കാമ്പെയ്ൻ നഗരത്തിലെ എല്ലായിടത്തും നടപ്പാക്കും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും മാസ്‌ക്, കൈയുറ എന്നിവ ധരിക്കണം. കടയിലേക്ക് വരുന്നവർക്ക് സാനിറ്റൈസർ നൽകി കൈകൾ ശുചീകരിച്ചതായി കടയുടമ ഉറപ്പുവരുത്തണം. ശക്തൻ, ജയ്ഹിന്ദ് മാർക്കറ്റുകളിൽ എത്തുന്നവർക്ക് തെർമോ സ്‌കാനർ ഉപയോഗിച്ച് പനി പരിശോധനയും നടത്തണം. കടകളിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ആന്റിജൻ പരിശോധന നിർബന്ധമാക്കും.

കടകൾ രാത്രി ഏഴ് വരെ മാത്രം പ്രവർത്തിപ്പിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഹോം ഡെലിവറി ഭക്ഷണ വിതരണം നടത്താൻ അനുമതി നൽകി. അമിത വില ഈടാക്കുന്ന കടകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും. നഗരത്തിൽ അനാവശ്യ വാഹന പാർക്കിംഗ് നിരോധിക്കും. നഗരത്തിലേക്ക് പഴം, പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളിലെ ആളുകളെ പ്രത്യേകം പരിശോധിക്കും.

വ്യാപനം മുൻനിറുത്തി എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്ന് വ്യാപാരി സംഘടനാ പ്രതിനിധികൾ പ്രത്യേക കൊവിഡ് അവലോകന യോഗത്തെ അറിയിച്ചു. ദിവസങ്ങളോളം അടഞ്ഞു കിടക്കുന്ന നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി പ്രവർത്തിപ്പിക്കാൻ നടപടികളെടുക്കണമെന്നും വാർഡിലെ മുഴുവൻ പ്രദേശങ്ങളും അടച്ചിടാതെ ഭാഗിക കണ്ടെയ്ൻമെന്റുകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൂടുതൽ ജാഗ്രത വേണ്ട സമയമായതിനാൽ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങളിൽ അയവു വരുത്താൻ ശ്രമിക്കാമെന്ന് മന്ത്രി എ.സി മൊയ്തീൻ വ്യാപാര സംഘടനാ പ്രതിനിധികളെ അറിയിച്ചു. നിയന്ത്രണങ്ങൾക്ക് മേയർ, ഡി.എം.ഒ, ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ തുടങ്ങിയവർ നേതൃത്വം നൽകും.

ഇതു സംബന്ധിച്ച് സ്വീകരിക്കാവുന്ന കൂടുതൽ മാർഗ നിർദേശങ്ങൾ യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ എസ്.ഷാനവാസ്, മേയർ അജിത ജയരാജൻ, ഡി.എം.ഒ ഡോ.കെ ജെ റീന, ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ എന്നിവരിൽ നിന്നും മന്ത്രി ആരാഞ്ഞു.