obc
പ്രൊഫ. എം.കെ സാനുവിനെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിഷി പല്‍പ്പു വസതിയിലെത്തി ആദരിക്കുന്നു.

തൃശൂർ: അവാർഡുകളും അംഗീകാരങ്ങളും ഏറെ ലഭിച്ചെങ്കിലും പ്രൊഫ. എം.കെ. സാനുവിന് രാജ്യത്തിന്റെ ആദരവ് അർഹിക്കുന്ന വിധത്തിൽ ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു. 93-ാം പിറന്നാൾ നിറവിലെത്തിയ എം.കെ. സാനുവിനെ അദേഹത്തിന്റെ വസതിയിലെത്തി റിഷി പൽപ്പു ആദരിച്ചു.
മനുഷ്യനന്മയുടെ മഷിയാലെഴുതിയ കാവ്യങ്ങളാണ് പ്രൊഫ. എം.കെ സാനുവിന്റെത്. മധുരം പുരട്ടിയ വാക്കുകളാൽ സാഹോദര്യവും മനുഷ്യത്വവും വിളംബരം ചെയ്യപ്പെട്ടവയാണ് അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും. ശ്രീനാരായണ ഗുരുവിന്റെ ദർശനവും കാഴ്ചപ്പാടും ഇത്രമേൽ പ്രതിഫലിച്ച വാക്കും ചിന്തയും സമകാലികതയിൽ മറ്റാരിലും ദൃശ്യമല്ല. മഹത്തായ ചിന്തകൾ തലമുറകളിലേക്ക് പകർന്നുനൽകിയ പകരം വയ്ക്കാനില്ലാത്ത ഈ ഗുരുനാഥന് പത്മശ്രീ അടക്കമുള്ള ബഹുമതികൾ ലഭിക്കാതെ പോയത് എന്തുകൊണ്ടെന്ന് ആലോചിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും റിഷി പൽപ്പു പറഞ്ഞു.
കേന്ദ്ര കേരള സാഹിത്യ അക്കാഡമി അവാർഡുകളും എഴുത്തച്ഛൻ, വയലാർ പുരസ്‌കാരങ്ങളുമെല്ലാം ലഭിച്ച സാനു മാസ്റ്റർക്ക് ഇനിയൊരു ബഹുമതിയുടെ ആവശ്യമില്ലെങ്കിലും അദ്ദേഹത്തെ ആദരിക്കുകയെന്നത് രാജ്യത്തിന്റെ കടമയാണ്. പത്മ പുരസ്‌കാരങ്ങൾ സാനുമാഷിനെ പോലുള്ളവർക്ക് ലഭിക്കുമ്പോഴാണ് മഹത്വം വർദ്ധിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ കാൽപ്പാടുകൾ പിൻപറ്റി, എഴുത്തിലും പ്രഭാഷണത്തിലും സൗമ്യത കലർത്തി, കർമ്മപഥത്തിൽ 93 വർഷങ്ങൾ പൂർത്തീകരിച്ച സാനുമാസ്റ്റർ മലയാണ്മയുടെ അഭിമാനമാണ്. ഒപ്പം ശ്രീനാരായണീയർക്കൊല്ലാം തന്നെ അദേഹം ആവേശവുമാണെന്നും റിഷി പൽപ്പു പറഞ്ഞു.