 
തൃശൂർ: തൃശൂർ ജില്ലയിൽ 730 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 1103 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 35,562 ആണ്. 25,693 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 637 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 47 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസ്സിനു താഴെ 21 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.
രോഗ ഉറവിടം അറിയാത്തവർ: 9
ക്ലസ്റ്ററുകൾ:
സെൻട്രൽ പ്രിസൻ ആൻഡ് കറക്ഷൻ ഹോം ക്ലസ്റ്റർ വിയ്യൂർ: 68
എസ്.ബി.ഐ പാറമേക്കാവ് ബ്രാഞ്ച് ക്ലസ്റ്റർ: 8
ഫ്രന്റ് ലൈൻ വർക്കർ: 2
ആരോഗ്യ പ്രവർത്തകർ: 4
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ: 2
സിവിൽ സ്റ്റേഷനിൽ കൂടുതൽ പ്രവേശന നിയന്ത്രണം
തൃശൂർ: കൊവിഡ് വ്യാപന തോത് കുറക്കുന്നതിനായി അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവേശനം ഓഫീസ് ജീവനക്കാർക്കും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കോടതികളിൽ കേസിനായി വരുന്ന അഭിഭാഷകർക്കും വക്കീൽ ഗുമസ്തൻമാർക്കും വളരെ അനിവാര്യമായി ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തി.
തിരിച്ചറിയൽ രേഖയും പ്രവേശന പാസും കാണിച്ച് താഴത്തെ നിലയിലെ പ്രധാന പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്കിൽ ബോദ്ധ്യപ്പെടുത്തിയ ശേഷം മാത്രമേ സന്ദർശകരെ സിവിൽ സ്റ്റേഷനകത്ത് പ്രവേശിപ്പിക്കൂ. കെട്ടിടത്തിനകത്ത് കച്ചവടക്കാരെയോ മറ്റ് അനധികൃത സന്ദർശകരെയോ അനുവദിക്കില്ല. സിവിൽ സ്റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസ്, ലോട്ടറി ക്ഷേമ ഓഫീസ്, ആർ.ടി. ഓഫീസ് എന്നിവയ്ക്കായി പ്രത്യേകം ഹെൽപ് ഡെസ്കും മറ്റുള്ള ഓഫീസുകൾക്കായി പൊതു ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും. ഇവ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും.
പ്രവേശന കവാടത്തിലെ ഹെൽപ്പ് ഡെസ്കുകളുടെ നോഡൽ ഓഫീസറായി ഹുസൂർ ശിരസ്തദാറെ നിയമിച്ചു. ഹെൽപ് ഡെസ്കുകൾക്ക് അസി. നോഡൽ ഓഫീസർ, ചാർജ് ഓഫീസർമാർ എന്നിവരേയും നിയമിച്ചു. ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനത്തിനായി സ്കൂൾ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ചുമതല നൽകി ജില്ലാ കളക്ടർ ഉത്തരവായി.
വിയ്യൂർ ജയിലിൽ 17 പേർക്ക് കൂടി കൊവിഡ്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 16 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ്. 105 അന്തേവാസികളെയും 46 ജീവനക്കാരെയുമാണ് രോഗനിർണയത്തിനായി ചൊവ്വാഴ്ച പരിശോധിച്ചത്. ജയിലിലെ എല്ലാവരുടെയും കൊവിഡ് പരിശോധന ഇതോടെ പൂർത്തിയായി. 500ൽപ്പരം അന്തേവാസികളുള്ള ജയിലിൽ ഇതേവരെ 144 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ തന്നെ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്.