നെന്മണിക്കര: ഗ്രാമത്തിന് അഭിമാനവും അലങ്കാരവുമായി 57-ാം നമ്പർ അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടം. അംഗൻവാടി കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, മിനി കമ്മ്യൂണിറ്റി ഹാൾ എന്നിവ കൂടി ഉൾപെട്ടതാണ് കെട്ടിടം. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്കായി സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള ഗ്രാമപഞ്ചായത്ത് അംഗം വി.ആർ. സുരേഷിന്റെ ശ്രമമാണ് വിജയം കണ്ടത്.
ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് കെട്ടിടം യാഥാർത്ഥ്യമാക്കി. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടിയിലേക്കുള്ള വഴി ഇഷ്ടിക വിരിച്ച് മനോഹരമാക്കി. കുരുന്നുകൾക്ക് പുതിയ ഇരിപ്പിടങ്ങൾ, ആധുനിക കളിയുപകരണങ്ങൾ, ടി.വി തുടങ്ങിയവയെല്ലാം ഒരുക്കിയതോടെ അംഗൻവാടിയും ഹൈടെക് ആയി. ചുമരുകളിൽ വർണ്ണചിത്രങ്ങൾ കൂടി നിറഞ്ഞപ്പോൾ പഴയ കാല അംഗൻവാടികൾ എന്ന സങ്കല്പം തന്നെ ഇവിടെ മാറി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രവും, മുകൾനിലയിൽ മിനി ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. തുടർന്ന് ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഹാളിന് 13 ലക്ഷവും, ചുറ്റുമതിൽ നിർമ്മാണത്തിന് നാലു ലക്ഷവും വകയിരുത്തി. ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനായി. ഹാളിലേക്കുള്ള ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ, കളി കോപ്പുകൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ നാട്ടുകാർ സംഭാവന ചെയ്തു.
അംഗൻവാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിക്കും. രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷയാവും. മിനി ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷും, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ഡിക്‌സണും ഉദ്ഘാടനം ചെയ്യും.