bhaskaran
തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള​ ​ച​മ​യ​പ്ര​ദ​ർ​ശ​നം​ ​നോ​ക്കി​ ​കാ​ണു​ന്ന​ ​എം.​പി​. ഭാ​സ്ക​ര​ൻ​നാ​യ​ർ. തേ​റ​മ്പി​ൽ​ ​രാ​മ​കൃ​ഷ്​ണ​ൻ,​ ​സു​ന്ദ​ർ​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​ർ സമീപം. ​ (​ഫ​യ​ൽ​ ​ചി​ത്രം).

തൃശൂർ: കോൺഗ്രസിലെ സൗമ്യ സാന്നിദ്ധ്യവും കാരണവരുമായിരുന്നു എം.പി. ഭാസ്‌കരൻ നായർ. രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയാത്ത, കണ്ടത് വെട്ടിത്തുറന്നു പറയുന്ന തുറന്ന മനസുള്ള നേതാവ്. അതുകൊണ്ടു തന്നെ ജില്ലയിലെ കോൺഗ്രസിനെ ഏറെക്കാലം നയിക്കാനുള്ള മെയ് വഴക്കം അദ്ദേഹത്തിനില്ലായിരുന്നു. ഡി.സി.സി പ്രസിഡന്റായി അഞ്ച് വർഷം അദ്ദേഹം തുടർന്നെങ്കിലും പിന്നീട് അദ്ദേഹം തന്നെ വഴിമാറിക്കൊടുത്തു. സി.എൻ. ബാലകൃഷ്ണനായിരുന്നു അദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പിടിവലികൾ നടത്താതെ കോൺഗ്രസിനു വേണ്ടി ഒരു നേതാവിനേക്കാൾ ഉപരി സാധാരണ പ്രവർത്തകനായി നിലകൊണ്ടു. മുതിർന്ന നേതാവാണെങ്കിലും യുവതലമുറയിലെ നേതാക്കളുമായി ബന്ധം പുലർത്തി. ഐ ഗ്രൂപ്പിന്റെ നേതാവായിരുന്നെങ്കിലും ഗ്രൂപ്പുകൾക്ക് അതീതമായി സംഘടനയ്ക്കു വേണ്ടി നിലകൊണ്ടു. ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ തുറന്നടിക്കാനും മടിച്ചിരുന്നില്ല.

സംഘടനാ കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പനമ്പിള്ളി ഗോവിന്ദമേനോൻ ആ രാഷ്ട്രീയ ജീവിതത്തിന് വഴിവിളക്കായി. ആ ആദർശ ശുദ്ധിയും സഹിഷ്ണുതയും ഭാസ്‌കരൻ നായരും ജീവിതത്തിൽ മരിക്കുവോളം പുലർത്തിപ്പോന്നു.

ഒടുവിൽ, ഈ സൗമ്യ ദീപ്തമായ സാന്നിദ്ധ്യം തൃശൂരിലെ കോൺഗ്രസിൽ നിന്ന് , രാഷ്ടീയ രംഗത്ത് നിന്ന് വിട പറയുകയാണ്.

.......

ചെന്നിത്തല അനുശോചിച്ചു

..........

ഡി.സി.സി മുൻ പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം.പി ഭാസ്‌കരൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. തൃശൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ ത്യാഗങ്ങൾ അനുഭവിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഭാസ്‌കരൻ നായരുടെ നിര്യാണത്തോടെ പഴയ തലമുറയിലെ പ്രമുഖനായ ഒരു നേതാവിനെക്കൂടി സംഘടനയ്ക്ക് നഷ്ടമായെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു;