covid

തൃശൂർ: ദിനംപ്രതി കൊവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം കേൾക്കാതെ അധികൃതർ. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വരുന്ന രോഗികളുടെ രോഗാവസ്ഥ അറിയാൻ സാധിക്കാതെ ബന്ധുക്കൾ നട്ടം തിരിയുകയാണ്. കൊവിഡിന് പുറമെ മറ്റു അസുഖം ഉള്ളവരെയാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നത്. ഇതിൽ ഭൂരിഭാഗവും വൃദ്ധരാണ്. ഇവർക്ക് കൂട്ടിരിപ്പുകാർ അത്യാവശ്യം ആണ്. എന്നാൽ കൊവിഡ് ആയതിനാൽ ഒപ്പം ഇരിക്കാൻ പരിമിതികൾ ഉണ്ട്. കൊവിഡ് രോഗികൾക്ക് ഒപ്പം കൂട്ടിരിക്കാൻ നിബന്ധനങ്ങളോടെ അനുമതി നൽകിയിട്ടുണ്ടെങ്കിലും അത് പ്രായോഗികം അല്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളേജിൽ കൊവിഡ് വാർഡുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് ദുരിതത്തിന് കാരണം. എഴുപതോളം കിടക്കകൾ ഉള്ളിടത്ത് 90 രോഗികൾ ആണ് കിടക്കുന്നത്. ഇവരെ പരിചരിക്കാൻ ഡോക്ടറടക്കം അഞ്ചു പേർ മാത്രമാണ് ഉള്ളത്. മെഡിക്കൽ കോളേജിൽ നാലു വാർഡുകൾ ആണ് കൊവിഡിന് ഉള്ളത്. ഓരോ വാർഡുകളിലും അഞ്ചു പേരെ കൊണ്ട് ഡ്യൂട്ടി ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷം ആണ് നിലനിൽക്കുന്നത്. ഈ സാഹചര്യം മറികടക്കുന്നതിനായാണ് രോഗീവിവരം അറിയുന്നതിന് സേവന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ജീവനക്കാരും ബന്ധുക്കളും മുന്നോട്ടുവയ്ക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി രണ്ടു ജീവനക്കാരെ നിയോഗിച്ചാൽ തീരാവുന്ന പ്രശ്നം പരിഹരിക്കാത്തത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ രോഗികളുടെ വിവരം അറിയാൻ പലർക്കും നിരവധി തവണ വിളിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണം. രോഗവിവരങ്ങൾ ബന്ധുക്കൾക്ക് അറിയുന്നതിനായി സേവന കേന്ദ്രം ഉടൻ ആരംഭിക്കണം.

കെ.എൻ. നാരായണൻ,​

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

കേരള എൻ.ജി.ഒ അസോസിയേഷൻ