തൃശൂർ: കൊവിഡിനെ തുടർന്ന് അങ്ങാടികൾ അടച്ചിട്ടതോടെ പ്രതിസന്ധിയിലായി വ്യാപാരികളും തൊഴിലാളികളും. ജില്ലയിലെ പ്രധാന മാർക്കറ്റുകളായ ശക്തൻ, മത്സ്യമാർക്കറ്റ്, ജയ് ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളെല്ലാം നാളുകളായി അടഞ്ഞു കിടക്കുകയാണ്. പൊലീസ് പരിശോധനകൾക്ക് ശേഷം മാത്രമാണ് ഇവിടേക്ക് പ്രവേശനം.
നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നുണ്ട്. അതോടൊപ്പം ആയിരക്കണക്കിന് തൊഴിലാളികളും ആയിരത്തോളം ചുമട്ടുതൊഴിലാളികളും പ്രതിസന്ധിയിലാണ്. അശാസ്ത്രീയമായി ലോക് ഡൗൺ ഏർപ്പെടുത്തുന്നതാണ് കടകൾ അടച്ചിടേണ്ടി വരുന്നതിന് കാരണമെന്നാണ് വ്യാപാരികൾ ഉയർത്തുന്ന ആക്ഷേപം.
അശാസ്ത്രീയ ലോക് ഡൗണിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ശക്തൻ മാർക്കറ്റ് അടച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. കൊവിഡിനെ തുടർന്ന് ഇടയ്ക്കിടെ കടകൾ അടച്ചിടുമ്പോൾ ഉണ്ടാകുന്ന ഭീമനഷ്ടം ഒഴിവാക്കുന്നതിനായി വ്യാപാരികൾ തന്നെ ശക്തൻ മാർക്കറ്റ് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
മാർക്കറ്റുകൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ വ്യാപാരികൾ, തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർക്ക് കൊവിഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അത്തരം കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നൽകിയിരിക്കുന്ന നിർദ്ദേശം. കടകൾ അടഞ്ഞുകിടന്നതോടെ വ്യാപാരികൾ കടുത്ത ആശങ്കയിലാണ്. പലരുടെയും വായ്പകൾ മുടങ്ങി. പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് യാതൊരു ഇളവും ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
നഗരത്തിൽ അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ - 600
തൊഴിൽ ഇല്ലാതെ പ്രതിസന്ധിയിലായ തൊഴിലാളികൾ - 3000
ചുമട്ടുതൊഴിലാളികൾ - ആയിരത്തോളം
മൂന്നിന് വ്യാപാരി ഹർത്താൽ
അശാസ്ത്രീയയ കണ്ടെയ്‌മെന്റ് സോൺ പ്രഖ്യാപനത്തിനെതിരെ വ്യാപാരികൾ പ്രത്യക്ഷ സമരരംഗത്തേക്ക് ഇറങ്ങുന്നു. സമരത്തിന്റെ ആദ്യപടിയായി നവംബർ മൂന്നിന് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു.
അശാസ്ത്രീയ കണ്ടെയ്ൻമെന്റ് സോണുകളും ഭാഗിക ലോക് ഡൗണുകളും അവസാനിപ്പിക്കണം. കൊവിഡ് വ്യാപനം തടയാൻ മൂന്ന് സർക്കാർ മിഷനറികളിൽ ആർക്കാണ് കൂടുതൽ അധികാരം എന്ന് തെളിയിക്കാനുള്ള മത്സരമാണ് നടക്കുന്നത്. ശക്തൻ മാർക്കറ്റിലെ വ്യാപാരികളും ചുമട്ടു തൊഴിലാളികളും വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്നു.
- കെ.വി. അബ്ദുൾ ഹമീദ്, ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
മാർക്കറ്റുകൾ അടഞ്ഞുകിടക്കുന്നത് മൂലം വ്യാപാരി സമൂഹവും അനുബന്ധമേഖലയിലുള്ളവരും പ്രതിസന്ധിയാണ്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി മൊയ്തീന്റെ നേതൃത്വത്തിൽ വിളിച്ച ജില്ലാതല യോഗത്തിൽ രാഷ്ട്രീയ നിറം നോക്കി ഭരതീയ വാണിജ്യ വ്യവസായി സമിതിയെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. ജില്ലയിൽ രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീ സമീപനം സ്വീകരിച്ച് മാർക്കറ്റുകൾ തുറന്നു പ്രവർത്തിക്കാനുള്ള സമീപനം ജഉണ്ടാകണം.
- എ.നാഗേഷ്, ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന പ്രസിഡന്റ്