solar
സൗരസുവിധ

തൃശൂർ: പ്രകൃതിദുരന്തങ്ങളിലും മറ്റും വൈദ്യുതിയും വാർത്താവിനിമയ ഉപാധികളും തടസപ്പെടുമ്പോൾ ഉപകാരപ്പെടുന്ന സോളാർ ലാന്റേൺ ഉപകരണമായ സൗരസുവിധ കിറ്റ് ജില്ലയിൽ വിതരണത്തിന് ഒരുങ്ങി.

സംസ്ഥാന വ്യാപകമായി ഈ ഉപകരണം വിതരണം ചെയ്യുന്നതിന് അനെർട്ട് ഇതിനോടകം 5000 സൗരസുവിധ കിറ്റുകൾ തയ്യാറാക്കി. രണ്ട് വർഷം വാറണ്ടിയുള്ള കിറ്റിന് 3,490 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമെ ഉപകരണത്തിലെ ബാറ്ററിക്ക് അഞ്ച് വർഷം വാറണ്ടിയും നൽകുന്നുണ്ട്.

സോളാർ പാനൽ ഉപയോഗിച്ച് ഊർജ്ജം സംഭരിച്ച് പ്രവർത്തിക്കുന്ന സോളാർലാന്റേൺ ഉപകരണത്തിൽ അപകട മേഖലകളിൽ വൈദ്യുതി തടസപ്പെടുമ്പോൾ മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും, വെളിച്ചത്തിന് സോളാർ ലൈറ്റും, അറിയിപ്പുകളും വാർത്തകളും അറിയുന്നതിന് എഫ്.എം റേഡിയോയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അനെർട്ടിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തുള്ള സ്വകാര്യ കമ്പനിയാണ് സോളാർലാന്റേൺ രൂപകൽപ്പന ചെയ്തത്.

പ്രളയകാലം നേരിടാൻ

2018 മുതൽ കേരളത്തിൽ അനുഭവപ്പെട്ട മഹാപ്രളയത്തിൽ വൈദ്യുതിയും വാർത്താവിനിമയവും തടസ്സപ്പെട്ടിരുന്നു. ഈ അവസ്ഥയെ മറികടക്കുന്നതിനായാണ് 201920 വർഷത്തിൽ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അനെർട്ട് (ഏജൻസി ഫൊർ ന്യു ആൻഡ് റിന്യുവെബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി) സൗരസുവിധ കിറ്റ് രൂപപ്പെടുത്തിയത്.


തൃശൂർ ജില്ലയിൽ സൗരസുവിധ കിറ്റുകൾ ആവശ്യമുള്ളവർക്ക് അനെർട്ടിന്റെ തൃശൂർ ജില്ലാ ഓഫീസിൽ ബന്ധപ്പെടാം: 04872320941, 9188119408


പഞ്ചായത്തുകളിലേക്കും സൗരസുവിധ ലഭ്യമാക്കിയിട്ടുണ്ട്. അവിടെ നിന്നും വാങ്ങാം. നവംബർ ഒന്ന് മുതൽ വിതരണം തുടങ്ങും.

പ്രിയേഷ്, ജില്ലാ എൻജിനിയർ, അനെർട്ട്.


സവിശേഷതകൾ:

15 വാട്ട്‌സ് ലാമ്പ്

ചാർജ് ചെയ്യേണ്ടത്: നാല് മണിക്കൂർ

പ്രവർത്തനം: എട്ട് മണിക്കൂർ


2021 ഓടെ 1000 മെഗാവാട്ട് സൗരോർജ്ജം

163 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ


അനെർട്ടിന്റെ മേൽനോട്ടത്തിൽ വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാർ വിഭാവനം ചെയ്ത ഊർജ്ജ കേരളമിഷനിലെ സുപ്രധാന പദ്ധതിയായ സൗരപദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. 2021 ഓടെ 1000 മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിലവിൽ 163 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് വേണ്ട പബ്ലിക്ക് ചാർജിംഗ് സ്റ്റേഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.