 
കയ്പമംഗലം: കൊവിഡ് കാലത്ത് കരനെൽക്കൃഷിയിൽ പൊന്നു വിളയിച്ച് കർഷകനായ മധു ചക്കാലക്കൽ. കയ്പമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിലെ തന്റെ പച്ചക്കറി കൃഷി നടത്തിയിരുന്ന ഒരേക്കറോളം വരുന്ന കൃഷി സ്ഥലത്താണ് കരനെൽക്കൃഷിയിറക്കി വിളവെടുത്തത്.
ആറ് വർഷമായി ജൈവക്കൃഷി നടത്തി വരുന്ന മധു ചക്കാലക്കൽ കാലവർഷമെത്തിയതോടെ പരീക്ഷണാർത്ഥമാണ് ഉമ വിഭാഗത്തിൽ പെട്ട നെൽ വിത്തിൽ കരനെൽക്കൃഷിയിറക്കിയത്. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിനെ പങ്കെടുപ്പിച്ച് കരനെൽക്കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമാക്കാനായിരുന്നു മധു തീരുമാനിച്ചിരുന്നത്.
എന്നാൽ കൊവിഡ് 19 വ്യാപനം കൂടിയ മേഖലയായ കയ്പമംഗലം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായതോടെ കരനെൽ വിളവെടുപ്പ് മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ അഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഭരതൻ അദ്ധ്യക്ഷത വഹിച്ചു. എട്ടോളം തൊഴിലുറപ്പു തൊഴിലാളികൾ കൊയ്ത്തുത്സവത്തിൽ പങ്കാളിയായി. മധുവിന്റെ കൃഷിയിടത്തിൽ കൊള്ളിയും നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.
10 മാസം മുമ്പ് വിഷരഹിത വെണ്ടക്കൃഷി നടത്തിയും, മൂന്ന് വർഷം മുമ്പ് ഇവിടെ ഹൈബ്രിഡ് പപ്പായ കൃഷി ചെയ്തും വൻ വിജയം നേടിയിരുന്നു. വാഴ, പയർ, വഴുതന, തക്കാളി, പച്ചമുളക്, പടവലം, കക്കരി, ചീര, ഇഞ്ചി തുടങ്ങി വിവിധയിനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തിരുന്നു. ഇക്കോ ഷോപ്പ് വഴിയാണ് പച്ചക്കറി വിറ്റിരുന്നത്. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മധു പറഞ്ഞു.
അതു കൊണ്ടാണ് മഴയിലും നശിച്ചു പോകാത്ത രീതിയിൽ കരനെൽക്കൃഷിക്കിറങ്ങിയത്. ആറ് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മധുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിൽ താഴെയായെന്നും, ഹൃദയം മാറ്റി വയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ വിധിയെഴുതിയെങ്കിലും, ഹൃദയവുമായി മരിക്കാമെന്ന് തീരുമാനമെടുത്ത് ആൻജിയോപ്ലാസ്റ്റി ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നാണ് മുഴുവൻ സമയ ജൈവ കർഷകനായത്.