
തൃശൂർ: ജില്ലയിൽ ബുധനാഴ്ച 1018 പേർക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 916 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1005 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതിൽ 21 പേർക്ക് സെൻട്രൽ പ്രിസൻ ആൻഡ് കറക്ഷൻ ഹോം വിയ്യൂർ (18), ചാലക്കുടി മാർക്കറ്റ് (2), യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം (1) എന്നീ മൂന്ന് ക്ലസ്റ്ററുകൾ വഴിയാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകർ 6, ഫ്രന്റ്ലൈൻ വർക്കർ- 2, രോഗ ഉറവിടം അറിയാത്തവർ- 6 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്.
കൊവിഡ്: ജില്ലയിൽ നബിദിനാഘോഷങ്ങൾ ഒഴിവാക്കും
തൃശൂർ: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ നബിദിനാഘോഷങ്ങൾ ഒഴിവാക്കാൻ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തിൽ ചേർന്ന മതമേലദ്ധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനം. സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോകുമെന്ന് വിവിധ സംഘടനകൾ ഉറപ്പുനൽകി. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂട്ടം കൂടിയുള്ള ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കും. പള്ളികളിൽ നാല് പേരെ മാത്രം ഉൾക്കൊള്ളിച്ച് പതാക ഉയർത്തൽ മാത്രമാക്കും. ഭക്ഷണ വിതരണവും കൂട്ടം കൂടിയുള്ള പ്രാർത്ഥനയും പാടില്ല. ലോക് ഡൗൺ മുതൽ പള്ളികളിലെ വെള്ളിയാഴ്ച ജുമുഅഃ നമസ്കാരം ഒഴിവാക്കിയത് ഇപ്പോഴും തുടരുന്നതായി മത സംഘടനാ നേതാക്കൾ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു.
കൊവിഡ് പരിശോധന നിരക്കുകൾ
തൃശൂർ: സർക്കാർ ഉത്തരവ് പ്രകാരം സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനയുടെ പുതുക്കിയ നിരക്കുകൾ: ആർ.ടി.പി.സി.ആർ (ഓപ്പൺ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ് - 2100 രൂപ, ആന്റിജൻ ടെസ്റ്റ് - 625 രൂപ, ജീൻ എക്സ്പെർട്ട് - 2500 രൂപ. മേൽ നിരക്കുകളേക്കാൾ കൂടുതൽ തുക ഏതെങ്കിലും ലാബുകൾ ഈടാക്കുകയാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറെ(ആരോഗ്യം), ചുവടെ തന്നിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്. ഇ മെയിൽ വിലാസം : dmohtsr@gmail.com