 
വടക്കാഞ്ചേരി: മോഹൻലാൽ നായകനായ കമലദളത്തിലെ മനോഹരമായ നൃത്തച്ചുവടുകളൊരുക്കിയ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സുജാത പുരസ്‌കാരനിറവിൽ. കമലദളം എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ മോഹൻലാൽ, മോനിഷ, പാർവതി എന്നിവർക്കായി നൃത്തരംഗങ്ങൾ ചിട്ടപ്പെടുത്തിയത് കലാമണ്ഡലം സുജാതയാണ്.
മോഹിനിയാട്ടത്തിനുള്ള കലാമണ്ഡലം അവാർഡിന് അർഹതയായത് കലാമണ്ഡലം സുജാതയാണ്. കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി ജീവിതം തുടങ്ങിവച്ച സുജാതയെ ആദ്യം തേടിയെത്തിയത് കലാമണ്ഡലത്തിലെ തന്നെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള (ബെസ്റ്റ് സ്റ്റുഡന്റ്) അവാർഡാണ്. കലാമണ്ഡലം കൃഷ്ണമൂർത്തി, കലാമണ്ഡലം സത്യഭാമ, ചെന്നൈ മുത്തുസ്വാമി പിള്ള, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം ഹൈമവതി എന്നിവരുടെ നിരീക്ഷണത്തിൽ നൃത്ത സപര്യ തുടങ്ങിയ സുജാത ഗുരുക്കന്മാരെ ഒട്ടും നിരാശപ്പെടുത്തിയില്ല.
ഗുരുക്കൻമാരുടെ പ്രശസ്തിക്ക് ഉചിതമായ രീതിയിൽ തന്റെ നടന വൈഭവത്തെ വിസ്മയമായ അനുഭവമാക്കി മാറ്റാൻ ഈ നർത്തകിക്കായി. കലാമണ്ഡലത്തിൽ നിന്നുള്ള മോഹിനിയാട്ടത്തിനും, ഭരതനാട്യത്തിലും ഡിപ്ലോമ എടുത്ത് ഇവർ ഐ.എച്ച്.ആർ.ഡി. സ്‌കോളർഷിപ്പോടെ മോഹനിയാട്ടത്തിൽ ഉപരി പഠനം നടത്തി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ കേരളത്തിനകത്തും പുറുത്തുമായി ആയിരക്കണക്കിന് വേദികളിലായി നൃത്തം അവതരിപ്പിക്കാൻ ഈ കലാകാരിക്ക് കഴിഞ്ഞു.