ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി ചുറ്റുവിളക്ക് തുടങ്ങി. ഇന്ന് പൊലീസിന്റെ വക ചുറ്റുവിളക്ക് നടക്കും. 30 ദിവസത്തെ ഏകാദശി ചുറ്റുവിളക്ക് ചൊവ്വാഴ്ച രാത്രിയാണ് ആരംഭിച്ചത്. നവംബർ 25നാണ് ഏകാദശി. കൊവിഡ് നിയമങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ ആഘോഷങ്ങളില്ലാതെ ചടങ്ങ് മാത്രമായാണ് ഇത്തവണ വിളക്ക്. വഴിപാടുകാരുടെ പത്തുപേരും ക്ഷേത്രപരിചാരകരും മാത്രമേ രാത്രി വിളക്കിന് ക്ഷേത്രത്തിലുണ്ടാകു. എഴുന്നള്ളിപ്പിന് ഒരാന മാത്രം. രാത്രി ഒമ്പതിനാണ് വിളക്കെഴുന്നള്ളിപ്പ് തുടങ്ങുക. നാലാമത്തെ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം ദീപങ്ങൾ തെളിയും. ഇന്നലെ ക്ഷേത്രത്തിൽ ക്ഷേത്രം പാരമ്പര്യ പ്രവൃത്തിക്കാരായ പത്തുക്കാരുടെ വകയായിരുന്നു വിളക്ക്. നാളെ കെ.വി. ഗോപിനാഥ് ബംഗളൂരു വകയാണ് വിളക്ക്.