ചാലക്കുടി: രണ്ടു ദിവസത്തെ അടച്ചിടലിനു ശേഷം വ്യാഴാഴ്ച നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കും. അടുത്ത തിങ്കളാഴ്ച വരെ വഴിയോര കച്ചവടം തടഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കടകളും മറ്റു സ്ഥാപനങ്ങളും അടച്ചിടുകയും പൊതു നിരത്തുകൾ ശുചീകരിക്കുകയുമായിരുന്നു. ഒരാഴ്ച കടകൾ അടച്ചിടണമെന്ന ചർച്ചയാണ് ആദ്യമുണ്ടായത്. ഇതിനെ അടിസ്ഥാനമാക്കി മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുമായി നഗരസഭാ അധികൃതർ ചർച്ച നടത്തിയിരുന്നു. ഒരാഴ്ചയിലെ അടച്ചിടലിന് വ്യാപാരികൾ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് രണ്ടു ദിവസത്തെ അടച്ചിടലിന് തീരുമാനമായത്. ഇതിനിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കൊവിഡ് പരിശോധനയിൽ ചാലക്കുടിയിൽ രോഗികളുടെ എണ്ണം കുറഞ്ഞത് അൽപ്പം ആശ്വാസമായി.