തൃശൂർ: കൃഷിവകുപ്പിന് കീഴിലെ പ്ലാന്റേഷൻ കോർപറേഷൻ പുറത്തിറക്കുന്ന കശുമാങ്ങ പാനീയം 'ഒസിയാന'യുടെ വിപണനോദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ഓൺലൈനായി ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. ലോഗോ പ്രകാശനവും സ്ലോഗൻ പ്രകാശനവും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ എ.കെ. ചന്ദ്രൻ നിർവഹിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം വിപണിയിലെത്തുന്നത്.
കശുമാങ്ങയിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളായ സ്‌ക്വാഷ്, സിറപ്പ് എന്നിവ വിപണിയിൽ എത്തിച്ചതിനു പിറകെയാണ് കശുമാങ്ങ പാനീയം പുറത്തിറക്കുന്നത്. മലബാർ ഗ്രൂപ്പിലുള്ള 5500 ഹെക്ടർ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി സംഭരണത്തിന് ശേഷം ഉപയോഗശൂന്യമാകുന്ന കശുമാങ്ങ പഴത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നതാണിത്. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, പ്ലാന്റേഷൻ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ബി. പ്രമോദ്, ഡയറക്ടർ ബെന്നിച്ചൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.