 
തൃശൂർ: മൃഗശാലയിലെ പുള്ളിപ്പുലി ഗംഗ ചത്തത് കൊവിഡ് ബാധയെ തുടർന്നാണോയെന്ന സംശയത്തിൽ ജഡപരിശോധന നടത്തിയത് വിദഗ്ദ്ധ സംഘം. കൊവിഡ് ലക്ഷണങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അധികൃതർ പറഞ്ഞത്. മൃഗശാലയിലെ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ വിദഗ്ദ്ധ മെഡിക്കൽ സംഘവും കോർപറേഷൻ ഡിവിഷൻ കൗൺസിലർ കെ. മഹേഷ്. ഡി.എഫ്.ഒ ജയശങ്കർ, കെ.എഫ്.ആർ.ഐ മുൻ ഡയറക്ടർ ഡോ. ഈസയും ഉൾപ്പെടെ പ്രത്യേക സമിതിയെയും നിയോഗിച്ചാണ് പുലിയുടെ പരിശോധന നടത്തിയത്.
എട്ടുവയസ് മാത്രമുള്ള പുലി, നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കെ മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെയുള്ള അവശതയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രിയിൽ ചത്തത്. ഈ സാഹചര്യത്തിലായിരുന്നു വിശദമായ പരിശോധന നടത്തുന്നതിന് തീരുമാനിച്ചത്. മൃഗശാലയിലെ വെറ്ററിനറി സർജൻ ബിനോയ് സി ബാബുവിന് പുറമെ വെറ്ററിനറി സർജൻമാരായ ഡോ.സുനിൽ, ഡോഡേവിഡ് എന്നിവരടങ്ങുന്ന വിദഗ്ദ സംഘവും ചേർന്നാണ് പുലിയുടെ മൃതദേഹ പരിശോധന നടത്തിയത്.
പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. മൃഗശാലയിലെ മറ്റ് ജീവനക്കാരെ പോലും ആരെയും ഇവിടേക്ക് അനുവദിച്ചില്ല. കൊവിഡ് പരിശോധനയ്ക്കായി സ്രവം ഉൾപ്പെടെ ആന്തരീകാവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ചിരുന്നു. 2012ൽ വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയതിന് പിടിയിലായ പുലിയെ തൃശൂർ മൃഗശാലയിൽ കൊണ്ടുവന്നിരുന്നു. അന്ന് ഗർഭിണിയായിരുന്ന പുലി പ്രസവിച്ച കുട്ടിയാണ് ഗംഗ. പ്രസവത്തോടെ തള്ളപ്പുലി ചത്തിരുന്നു.