കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരസ്യമായി ഭക്ഷണ വിതരണം നടത്തുന്നത് ഉൾപ്പെടെയുള്ള ആഘോഷ പരിപാടി ഒഴിവാക്കാൻ നിർദ്ദേശം നൽകി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം.
പഞ്ചായത്തിനെ തത്കാലം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. നിലവിലെ കണ്ടെയ്‌ൻമെന്റ് സോണുകളായ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി നിലനിറുത്തും. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി സതീഷ്, സെക്രട്ടറി റിനി പോൾ, സെക്ടറൽ മജിസ്‌ട്രേറ്റ് മുഹമ്മദ് ഹാരിസ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ഐശ്വര്യ, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, അഡീഷണൽ എസ്.ഐ റോയ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.