cashew

കൊച്ചി: കൃഷിവകുപ്പിന് കീഴിലെ പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കുന്ന കശുമാങ്ങ പാനീയം 'ഒസിയാന' വിപണിയിലിറക്കി. വിപണനോദ്ഘാടനം മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. ഓൺലൈനായി ഉദുമ എം.എൽ.എ. കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനവും സ്ലോഗൻ പ്രകാശനവും പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ എ.കെ ചന്ദ്രൻ നിർവഹിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം വിപണിയിലെത്തുന്നത്. കശുമാങ്ങയിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ സ്‌ക്വാഷ്, സിറപ്പ് എന്നിവ വിപണിയിൽ എത്തിച്ചതിനു പുറകെയാണ് കശുമാങ്ങ പാനീയം പുറത്തിറക്കുന്നത്. മലബാർ ഗ്രൂപ്പിലുള്ള 5500 ഹെക്ടർ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി സംഭരണത്തിന് ശേഷം ഉപയോഗശൂന്യമാകുന്ന കശുമാങ്ങ പഴത്തിൽ നിന്നുമാണ് ഓസിയാന ഉത്പാദിപ്പിക്കുന്നത്. ചടങ്ങിൽ കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ ആർ. ചന്ദ്രബാബു, പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രമോദ് ബി, ഡയറക്ടർ ബെന്നിച്ചൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.