nursing

തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വൃദ്ധസദനങ്ങളിലെ ജാഗ്രത കുറവ് ആശങ്ക ഉയർത്തുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിൽ പോലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ തന്നെ വൃദ്ധസദനങ്ങൾക്ക് മാർഗ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പലയിടങ്ങളിലും ഇവ പാലിക്കപ്പെടുന്നില്ല. ഒപ്പം അന്യസംസ്ഥാനക്കാർ വരെ ജീവനക്കാരായി എത്തുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

60 വയസിനു മുകളിലുള്ളവരുടെ ജീവനുവരെ കൊവിഡ് ഭീഷണിയാവുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് വൃദ്ധ സദനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ടു ദിവസം ഒഴിച്ചു ബാക്കിയുള്ള ദിവസങ്ങളിൽ ആയിരത്തിൽ അധികമായിരുന്നു ജില്ലയിലെ രോഗികളുടെ എണ്ണം. പല ദിവസങ്ങളിലും സംസ്ഥാനത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ജില്ല ഒന്നാം സ്ഥാനം ആയിരുന്നു . മരണനിരക്കിലും ആശങ്ക സൃഷ്ടിക്കുന്ന രീതിയിലാണ് കണക്കുകൾ വർദ്ധിക്കുന്നത്.

പരിശോധന ശക്തമാക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് വിവിധ വൃദ്ധസദങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഡി.എം.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ മാർഗനിദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനത്തിനെതിരെ നോട്ടീസ് നൽകി.150 ഓളം പേരെ താമസിപ്പിക്കുന്ന ഒരു വൃദ്ധസദനത്തിൽ അഞ്ചു പേർ മരിക്കുകയും 30 ഓളം പേർക്ക്‌ കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണ കൂടവും നടപടികൾ ശക്തമാക്കിയത്. ഇരിങ്ങാലക്കുടയിൽ ഇന്നലെ ഒരു സ്വകാര്യ വൃദ്ധ സദനത്തിൽ നടത്തിയ കൊവിഡ് ആർ. ടി. പി. സി. ആർ ടെസ്റ്റിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 35 പരിശോധന നടത്തിയതിൽ ആണ് ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അന്യസംസ്ഥാനക്കാർ

വെല്ലുവിളി

അന്യസംസ്ഥാനകാരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശം പാലിക്കുന്നിലെന്ന് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിൽ മാസ്ക് പോലും ധരിക്കാതെ അസാം സ്വദേശി ഭക്ഷണം നൽകുന്നത് കണ്ടെത്തിയതോടെ നടപടി സ്വീകരിച്ചിരുന്നു. ഇരിഞ്ഞാലക്കുടയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.