mmm
താന്ന്യം പഞ്ചായത്ത് കേരഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ഗീത ഗോപി എം.എൽ.എ ഗ്രോബാഗിലെ തെങ്ങിൻ തൈയ്ക്ക് വെള്ളം ഒഴിക്കുന്നു.

അന്തിക്കാട്: മൂന്ന് കോടി തെങ്ങിൻ തൈകൾ അടുത്ത 10 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നട്ടുപിടിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. താന്ന്യം പഞ്ചായത്ത് കേരഗ്രാമം പദ്ധതി പ്രഖ്യാപനം വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2019 ൽ തുടങ്ങിയ പദ്ധതി 2029 ൽ അവസാനിക്കും. ചുരുങ്ങിയത് 10 തെങ്ങ് ഉള്ളവർക്ക് ഇൻഷ്വറൻസിന് അർഹതയുണ്ടെന്നും ഒരു കോടി രൂപ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേര കർഷകർക്കുള്ള അനുകുല്യമായി വിതരണം ചെയ്യും. ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റ് വി.ഐ അബൂബക്കർ, ജനപ്രതിനിധികളായ സിജി മോഹൻദാസ്, ടി.കെ പരമേശ്വരൻ, രതി അനിൽകുമാർ, കെ.എസ് ഷിബു, ശോഭ രാജീവ് എന്നിവർ സംസാരിച്ചു. 45 ലക്ഷം രൂപയാണ് സർക്കാർ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. തെങ്ങിന് തടമെടുക്കൽ, വള പ്രയോഗവും ഇടവിള കൃഷിയും, കേടുവന്ന തെങ്ങുകൾ മുറിച്ചു മാറ്റാൻ ധനസഹായം, സബ്‌സിഡി നിരക്കിൽ മോട്ടോർ പമ്പ് സെറ്റ് നൽകൽ, തെങ്ങ് കയറ്റ യന്ത്രം വാങ്ങുന്നതിനുള്ള അനുകൂല്യം നൽകൽ, ജൈവവള നിർമ്മാണ യൂണിറ്റിനെ പ്രോത്സാഹിപ്പിക്കൽ എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.