 
കൊടകര: ജില്ലാ പഞ്ചായത്ത് 33ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച നെടുങ്കാറ്റുകുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോയ് നെല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.വി. ജസ്റ്റിൻ, അമ്പിളി സോമൻ, ബി.ഡി.ഒ അജയഘോഷ് എന്നിവർ സംസാരിച്ചു. മികച്ച പഞ്ചായത്ത് അംഗത്തിനുള്ള അംഗീകാരത്തിന് അർഹനായ ജോയ് നെല്ലിശ്ശേരിക്കുള്ള സമന്വയ സാംസ്‌കാരിക വേദിയുടെ പുരസ്‌കാരം ചടങ്ങിൽ കൈമാറി. കൊടകര പഞ്ചായത്തിൽ പഴമ്പിള്ളിയിലുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 25 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിനും നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും പ്രയോജനപ്പെടുന്നതാണ്.