ഗുരുവായൂർ: ദേവസ്വം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഭക്തർ ആശങ്കയിലായി. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ തിരിച്ചറിയൽ രേഖ പരിശോധിയ്ക്കുന്നതിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച്ചയാണ് ഇയാൾ തിരിച്ചറിയൽ രേഖ പരിശോധനയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിന് മുമ്പുള്ള ദിവസങ്ങളിൽ തുലാഭാര കൗണ്ടറിലും, ക്ഷേത്രം വഴിപാട് കൗണ്ടറിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയ ഭക്തരുമായി ഇയാൾക്ക് നേരിട്ട് സമ്പർക്കമുണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ദർശനത്തിന് ഏറെ ഭക്തരും എത്തിയിരുന്നു. ദേവസ്വം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയ ഭക്തരും മറ്റു ദേവസ്വം ജീവനക്കാരും ആശങ്കയിലായി.