thomas

തൃശൂർ: ഹിമാചൽപ്രദേശിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ( സമുദ്ര നിരപ്പിൽ നിന്നും 4400 മീറ്റർ ) ഹിക്കിം എന്ന പോസ്റ്റ് ഓഫീസിൽ നിന്നും തന്റെ ഹിമാലയൻ യാത്രയുടെ വിശേഷങ്ങൾ അമ്മയോട് പങ്കുവയ്ക്കാൻ ഒരു ഇൻലൻഡ് ചോദിച്ചതായിരുന്നു, കൽപ്പറ്റ ചെന്നലോട് സ്വദേശി വാളായി വീട്ടിൽ തോമസ് അബ്രാഹം. കിട്ടിയത്, പിക്ചർ പോസ്റ്റ് കാർഡ്. കണ്ടപ്പോൾ കൗതുകം. അന്ന് തുടങ്ങിയതാണ് കത്തുകളോടും കാർഡുകളോടുമുള്ള അടങ്ങാത്ത പ്രണയം.

വാട്സ് ആപ്പും ഫേസ്ബുക്കും അരങ്ങു തകർക്കുമ്പോഴും, കത്തെഴുതി മറ്റുള്ളവരുടെ വിശേഷം തിരക്കുന്നത് തോമാസ് എന്ന തോമാച്ചൻ്റെ ശീലങ്ങളിലൊന്നായി. ലോകത്തെങ്ങോ കിടക്കുന്ന സുഹ‌ൃത്തുക്കളാേടും ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത അപരിചിതരോടും തോമാച്ചൻ കത്തുകളിലൂടെ സംവദിക്കുന്നു. അങ്ങനെ 193 രാജ്യങ്ങളിൽ നിന്നായി പതിനഞ്ചു വർഷംകൊണ്ട് തോമാച്ചൻ സമ്പാദിച്ചത് 600 ൽ പരം കത്തുകൾ.

പത്താം ക്ലാസ് പഠനത്തിന് ശേഷം സെമിനാരിയിൽ ചേർന്നപ്പോഴാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടും ആശയവിനിമയം നടത്താനായി ആദ്യമായി കത്തുകളെഴുതുന്നത്. സെമിനാരിയിൽ നിന്നും പോന്ന ശേഷവും ഈ ശീലം കൈവിട്ടില്ല. പിന്നീട് സുഹൃത്തുക്കളുടെ വിലാസം തേടിപ്പിടിച്ചു കത്തുകളെഴുതാൻ തുടങ്ങി. പോസ്റ്റ് ക്രോസിംഗിനെക്കുറിച്ചു കൂടുതലറിഞ്ഞ തോമാച്ചൻ കത്തുകളെഴുതുന്ന ശൈലി മാറ്റിപ്പിടിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ വഴി മറ്റു രാജ്യങ്ങളിലെ സുഹൃത്തുക്കളിലൂടെ കത്ത് ശേഖരണം ആരംഭിച്ചു.

ലോകത്തു ഇന്നും നിലനിൽക്കുന്ന പരമ്പരാഗത വസ്ത്രധാരണത്തിന്റെ വൈവിദ്ധ്യങ്ങളടങ്ങിയ ചിത്രം സംയോജിപ്പിച്ച കത്തുകളാണ് തോമാച്ചന്റെ ശേഖരത്തിൽ ഭൂരിഭാഗവും. പോസ്റ്റൽ സംവിധാനം ഉണ്ടെങ്കിലും വളരെ വിരളമായി അത് ഉപയോഗപ്പെടുത്തുന്ന നൈജീരിയ, എത്യോപ്യ, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പോസ്റ്റ് കാർഡുകൾ ലഭ്യമാകുന്നതിൻ്റെ സങ്കീർണ്ണത വളരെ വലുതാണെന്ന് തോമാച്ചൻ പറയുന്നു.

സിവിൽ എൻജിനീയറിംഗിൻ്റെ പണിപ്പുരയിൽ നിന്നും യാത്ര ചെയ്യാൻ ഇറങ്ങിത്തിരിച്ച തോമാച്ചൻ പിന്നീട് സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡായി. പ്രകൃതിയോടുള്ള സ്നേഹവും അവയെ സംരക്ഷിക്കേണ്ട ആവശ്യകതയും പുതിയ തലമുറയിലേക്ക് പകരാൻ ഇങ്ങനെയൊരു വേഷം നല്ലതാണെന്ന് തോമാച്ചൻ പറയുന്നു. മറ്റൊരാൾക്ക് വേണ്ടി കണ്ടെത്തുന്ന സമയവും, ചെലവാക്കുന്ന പണവുമൊന്നും കത്തെഴുതുമ്പോൾ അയാൾ ആലോചിക്കാറില്ല. ഒരു കത്തിനു പോലും മറുപടി പ്രതീക്ഷിക്കാതെയാണ് ഇപ്പോഴും എഴുത്ത്. സംസാരിച്ചു തുടങ്ങാത്തവരും, എഴുതാനും വായിക്കാനും കഴിയാത്തവരുമായ പിഞ്ചു കുട്ടികൾക്ക് കത്തെഴുതുന്നതിലൂടെയാണ് അയാൾ ഇപ്പോഴും സന്തോഷം കണ്ടെത്താറുള്ളത്.

പോസ്റ്റ് ക്രോസിംഗ്

ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള രണ്ടുപേർ പരസ്പരം പിക്ചർ പോസ്റ്റ് കാർഡുകൾ കൈമാറുന്ന രീതിയാണ് പോസ്റ്റ് ക്രോസിംഗ്. ഒരു രാജ്യത്തിൻ്റെയൊ, ഗോത്രവിഭാഗത്തിൻ്റെയൊ, സമുദായത്തിൻ്റെയൊ സംസ്കാരവും തനത് ജീവിതശൈലിയും അടങ്ങിയ ചിത്രങ്ങളാണ് പോസ്റ്റ് കാർഡിൽ ഉണ്ടാകുക. സ്വന്തമായി എടുക്കുന്ന ചിത്രങ്ങളും പോസ്റ്റ് കാർഡ് രൂപത്തിലേക്ക് മാറ്റി പോസ്റ്റ് ക്രോസിംഗ് ചെയ്യാം.