തൃശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൂർ സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന സർവേ നടപടികൾ നവംബർ 15നകം പൂർത്തിയാക്കുമെന്ന് ലാന്റ് അക്വിസിഷൻ (എൽ.എ), സർവേ വിഭാഗങ്ങൾ ഗവ. ചീഫ് വിപ്പ് കെ. രാജൻ, കളക്ടർ എസ്. ഷാനവാസ് എന്നിവരെ അറിയിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം ഇരുവരേയും അറിയിച്ചത്.

3.7 കി.മീറ്റർ റോഡിന് ഇരുവശത്തുമുള്ള സർവേയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടിയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. നിശ്ചിത സ്ഥലം വരെ നേർരേഖയിലാണ് സർവേ.

ഏഴ് ദിവസം കൊണ്ട് ഇവിടുത്തെ ഹിയറിംഗ് പൂർത്തിയാക്കും. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ കല്ലുകൊണ്ടും കടകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ പുറമ്പോക്കിലാണെങ്കിൽ അവിടെ അടയാളമിട്ടും സ്ഥലം ഏറ്റെടുക്കും. സ്ഥലമേറ്റെടുക്കുമ്പോഴുള്ള സാമൂഹിക ആഘാത പഠനവും വേഗം പൂർത്തീകരിക്കും. ഏറ്റെടുത്ത പുറമ്പോക്ക് സ്ഥലത്തിന്റെ വിവരങ്ങൾ പൊതുമരാമത്ത് സെക്രട്ടറിയെ അറിയിക്കാനും തീരുമാനിച്ചു.

പുറമ്പോക്ക് സ്ഥലങ്ങളിലെ നിർമാണ പ്രവൃത്തികൾ പൊളിക്കുന്നതിനായി നോട്ടീസ് നൽകും. കൈയ്യേറിയ സ്ഥലമുണ്ടെങ്കിൽ കണ്ടെത്തി തിരിച്ചുപിടിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ചട്ടം പാലിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്നും അതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ലെന്നും കളക്ടർ വ്യക്തമാക്കി.

സർവേ നടപടികൾ കഴിഞ്ഞാലുടൻ ഗവ. വിജ്ഞാപനം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ലാന്റ് അക്വിസിഷൻ തഹസിൽദാർ, സർവേ സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.