
തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ജില്ലയിലെ ഏറ്റവും പ്രധാന മാർക്കറ്റ് ആയ ശക്തൻ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നീളുന്നു. ഇന്നലെ തീരുമാനം എടുക്കുമെന്ന് വ്യാപാരികളോട് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് യോഗം ചേർന്നിട്ടില്ല.
മാർക്കറ്റിലെ കടയുടമകൾ, തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. നെഗറ്റീവായവരുടെ കടകൾ തുറന്നു പ്രവർത്തിപ്പിക്കാം എന്നാണ് തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്. അറിയിക്കാം എന്ന് വ്യാപാരികളെ അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ടും ദിവസങ്ങളിൽ 400 ഓളം പേർക്ക് നടത്തിയ പരിശോധനകളിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ഘട്ടങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ മുഴുവൻ പേരുടെയും കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം തീരുമാനം നീണ്ടു പോകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ശക്തൻ മാർക്കറ്റുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേരാണ് ഉപജീവനം കഴിക്കുന്നത്.
ഇടയ്ക്കിടെ മാർക്കറ്റ് അടച്ചിടുന്നതോടെ പല കുടുംബങ്ങളും പട്ടിണിയിലാണ്. പലരും മറ്റ് ജീവിത മാർഗം തേടി പോയിത്തുടങ്ങി. നിലവിൽ നഗരത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വണ്ടികൾ ഇറക്കി കച്ചവടം നടത്തുകയാണ് ചെയുന്നത്. പച്ചക്കറിക്ക് തീ വിലയാണ് അനുഭവപ്പെടുന്നത്.
അടച്ചിട്ടിട്ട് ഒരു മാസം
ശക്തൻ മാർക്കറ്റ് അടച്ചിട്ടിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ ആറിനാണ് തൊഴിലാളികൾക്കും ഉടമകൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ശക്തൻ, മീൻ മാർക്കറ്റ് അടച്ചിട്ടത്. ഇതിനിടെ നഗരത്തിലെ ജയ്‌ഹിന്ദ്, അരിയങ്ങാടി എന്നിവയും അടച്ചു. ഇതോടെ വ്യാപാരികളും തൊഴിലാളികളും ദുരിതത്തിലായി. കടകൾ അടച്ചിടുന്നതിൽ കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കണമെന്ന് വ്യാപാരികൾ ആവശ്യം ഉന്നയിച്ചു രംഗത്ത് വന്നിട്ടുണ്ട്. മൈക്രോ കണ്ടെയ്ൻമെന്റ് സോൺ വേണം എന്നാണ് വ്യാപാരികൾ പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികൾ നവംബർ മൂന്നിന് ജില്ലയിൽ കടകൾ അടച്ചിട്ട് പണിമുടക്കും. 1,001 കേന്ദ്രങ്ങളിൽ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരികൾ കടകൾ അടച്ചിട്ടത് മൂലം കടുത്ത ആശങ്കയിലാണെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്‌ദുൾ ഹമീദ് പറഞ്ഞു. പലരും വായ്പ അടയ്ക്കാൻ പോലും സാധിക്കാതെ ദുരിതം അനുഭവിക്കുകയാണ്.