anakada

ചേർപ്പ്: ആവി പറക്കുന്ന ചായ. പിന്നെയൊരു മസാല ദോശ. പിന്നെ ഇച്ചിരി ആന വിശേഷം.... കേരളത്തിലെ എണ്ണമറ്റ ആനകളുടെ ചിത്രശേഖരം കൊണ്ട് ചന്തവും രസവും പകരുകയാണ് തൃശൂർ ഇരിങ്ങാലക്കുട റൂട്ടിലെ തിരുവുള്ളക്കാവിലെ ആനക്കട എന്ന ഹോട്ടൽ. ആന പ്രേമിയും തിരുവുള്ളക്കാവ് മൈമ്പിള്ളി നാരായണന്റെ മകനുമായ രാജുവിന്റെ ആനക്കടയ്ക്ക് 49 വർഷത്തെ പഴക്കമുണ്ട്. അതിലെ ചിത്രങ്ങൾക്ക് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്.

ഗുരുവായൂർ കേശവൻ, ഗുരുവായൂർ പത്മനാഭൻ, ചെങ്ങാലൂർ രംഗനാഥൻ, പുതുപ്പിള്ളി കേശവൻ, തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ, ചെർപ്പുള്ളിശേരി രാജശേഖരൻ, പാമ്പാടി രാജൻ, കുട്ടൻകുളങ്ങര അർജുനൻ, പാറമേക്കാവ് കാശിനാഥൻ, തിരുവമ്പാടി ശിവസുന്ദർ, ബാസ്റ്റ്യൻ വിനയചന്ദ്രൻ, സാജ് പ്രസാദ് തുടങ്ങിയ 400 ലേറെ ആനകളുടെ പേര് വിവരം അടങ്ങിയ ചിത്രം ചുമരുകളിൽ ആനച്ചന്തം വിടർത്തി നിൽക്കുകയാണ്. സമീപത്തെ രാജുവിന്റെ വീട്ടിലും ഇത്തരം ആയിരത്തിലേറെ ചിത്രങ്ങളുടെ ശേഖരവുമുണ്ട്. എം.എൽ.എയായിരിക്കുന്ന സമയത്ത് എ.സി മൊയ്തീൻ, വി.എം സുധീരൻ, ടി.എൻ പ്രതാപൻ എം.പി, നടൻ ജയരാജ് വാര്യർ എന്നിവർ ഇപ്പോഴും ആനക്കടയിലെ സന്ദർശകരാണ്. മുൻ മന്ത്രി സി.എൻ ബാലകൃഷ്ണനും ആനക്കടയിലെ ആദ്യകാല സന്ദർശകനായിരുന്നു. ഞായർ ഉച്ചവരെ ഒഴികെ ദിവസവും തുറന്ന് പ്രവർത്തിക്കുന്ന ആനക്കടയിൽ ദോശ, മസാല ദോശ, ഇഡ്ഡലി, ഉഴുന്ന് വട, കൊള്ളി, പരിപ്പ് വട, നെയ് റോസ്റ്റ് എന്നിവയാണ് പ്രധാന വിഭവങ്ങൾ. ചെരിഞ്ഞ തിരുവുള്ളക്കാവ് ദേവസ്വം ആനയായ മണികണ്ഠൻ ആനക്കടയ്ക്ക് മുന്നിൽ തുമ്പിക്കൈ വീശി നമിച്ച നിമിഷവും രാജു ഇപ്പോഴും ഓർക്കുന്നു. രാജുവിന്റെ ഭാര്യ സിനി, മകൻ അർജുൻദാസ്, സഹോദരൻ ജയൻ എന്നിവർ കടയിലെ പാചക കൈ സഹായികളാണ്. തൊഴിലാളുകളുമുണ്ട്.