temple
ഐരാണിക്കുളം ക്ഷേത്രം

മാള: പൗരാണിക ക്ഷേത്രമായ ഐരാണിക്കുളം മഹാദേവ ക്ഷേത്ര പുനരുദ്ധാരണത്തിന് 3.45 കോടി രൂപ അനുവദിച്ചു. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്. ചരിത്രവും പൈതൃകവും തികച്ചും മനോഹരമായി വിളക്കിചേർത്ത പുണ്യപുരാതന ഐരാണിക്കുളം ക്ഷേത്രം എറ്റെടുത്തതോടെ മുസിരിസ് പൈതൃക പദ്ധതിക്ക് മകുടം ചാർത്തിയതായി അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ പറഞ്ഞു. പരശുരാമൻ നിർമ്മിച്ച 108 ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ ക്ഷേത്രമാണ് ഐരാണിക്കുളം മഹാദേവ ക്ഷേത്രമെന്നാണ് ഐതിഹ്യം. കേരളത്തിൽ കണ്ടെടുത്തിട്ടുള്ള ഏറ്റവും പുരാതനമായ ശിലാലിഖിതങ്ങളുള്ള ഐരാണിക്കുളം ക്ഷേത്രം ഇരട്ടഗോപുര ക്ഷേത്രം കൂടിയാണ്.

തെക്കേടത്ത് ക്ഷേത്രം, വിനായക ക്ഷേത്രം, നമസ്‌കാര മണ്ഡപം, സ്റ്റേജ്, ഭണ്ഡാരപ്പുര, അടുക്കള, ബലിപീഠം, കൗണ്ടർ എന്നിവയാണ് പുനരുദ്ധാരണം ചെയ്യുകയെന്ന് പൈതൃക പദ്ധതി എം.ഡി: പി.എം. നൗഷാദ് അറിയിച്ചു.