
പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിലെ നീണ്ട വരിയിൽ കുടുങ്ങണ്ട. രണ്ട് കിലോ മീറ്റർ മാത്രം അധികം സഞ്ചരിച്ചാൽ ടോളിൽ മുട്ടാതെ പാലിയേക്കര കടക്കാം. മണലിപുഴയ്ക്ക് കുറുകെ നിർമ്മിച്ച പുലക്കാട്ടുക്കര പാലമാണ് യാത്രക്കാരെ ഇത്തരം സൗകര്യങ്ങളുമായി മാടി വിളിക്കുന്നത്. പാലത്തിന്റെ ഇരുവശത്തുമായുള്ള 80 മീറ്റർ വീതമുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം തകൃതിയായി നടക്കുന്നുണ്ട്. ശേഷിക്കുന്നത് കൈവരികളുടെ നിർമ്മാണവും പെയ്ന്റിംഗും. ഡിസംബറിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി പാലം തുറന്നു കൊടുക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ദേശീയ പാതയിൽ തെക്കുനിന്നും വരുന്ന വാഹനങ്ങൾക്ക് ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കല്ലൂർ റോഡിലൂടെ 4 കി. മീറ്റർ സഞ്ചരിച്ചാൽ പുതിയ പാലം കടന്ന് പാലിയേക്കര മേൽപ്പാലം ജംഗ്ഷനിലെത്താം.
തൃശൂർ, മണ്ണുത്തി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പാലിയേക്കര മേൽപ്പാലം ജംഗ്ഷനിൽ നിന്നും പഴയ ദേശീയ പാതയിലൂടെ സഞ്ചരിച്ചാൽ പാലം കടന്ന് ദേശീയപാത ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിലെത്താം.
പുലക്കാട്ടുക്കരയിൽ നിലവിലുള്ള റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപമാണ് പുതിയ പാലം. കാലുകൾ ഇല്ലാതെ നിർമ്മിക്കുന്ന പാലം എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് നിർമ്മാണ ഉദ്ഘാടനം നടന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ചാലക്കുടി ബ്രിഡ്ജ് വിഭാഗമാണ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. നബാർഡിന്റെ 3.75 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ കിഴക്ക് വശത്ത് അപ്രോച്ച് റോഡ് മുതൽ കല്ലൂർ റോഡ് വരെ റോഡിന്റെ നവീകരണത്തിന് സംസ്ഥാന സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . മരത്താക്കര ജെ.എം.ജെ കൺസ്ട്രക്ഷനാണ് പാലത്തിന്റെ നിർമ്മാണം കരാറെടുത്തത്. പ്രൊഫ.സി. രവീന്ദ്രനാഥ് തയ്യാറാക്കിയ സുസ്ഥിര പുതുക്കാട് എന്ന പദ്ധതിക്ക് ഒരു പൊൻ തൂവലാണ് ഈ പാലം. നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഇരുവശത്തേയും അപ്രോച്ച് റോഡുകൾക്ക് ആവശ്യമായ ഭൂമി പഞ്ചായത്തുകളുടെയും, തലോർ, കല്ലൂർ സർവീസ് സഹകരണ ബാങ്കുകളുടെയും നേതൃത്വത്തിൽ വില കൊടുത്ത് വാങ്ങിയാണ് യാഥാർത്ഥ്യമാക്കുന്നത്.
കാലില്ലാത്ത ഏറ്റവും നീളം കൂടിയ പാലം