ചാവക്കാട്: ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നേരത്തെ ഉൾപ്പെടാതെ പോയ പ്രദേശത്തെ 88 പട്ടികജാതി ഗുണഭോക്താക്കളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ചാവക്കാട് നഗരസഭ തീരുമാനിച്ചു. നഗരസഭാ അധ്യക്ഷൻ എൻ.കെ. അക്ബറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. അപേക്ഷ നൽകിയിട്ടും ലിസ്റ്റിൽ പെടാതെ പോയ 88 ഗുണഭോക്താക്കൾക്കാണ് വീണ്ടും അവസരമൊരുങ്ങുന്നത്.
നഗരസഭ വികസനത്തിനായി വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പുതിയറ മൂവിംഗ് ബ്രിഡ്ജ്, സൈഫുള്ള റോഡ്, തിരുവത്ര പുത്തൻകടപ്പുറം സെന്റർ, പുതിയപാലം, ചിൽഡ്രൻസ് പാർക്ക്, നഗരസഭ അതിർത്തി പ്രദേശങ്ങൾ, സെക്രട്ടറി ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കും. തെരുവ് കച്ചവടക്കാരുടെ പുനരധിവാസത്തിനും ജീവനോപാധി സംരക്ഷിക്കുന്നതിനുമായി തെരുവ് കച്ചവട സമിതി രൂപീകരിക്കാനും തീരുമാനമായി.
ശുചിത്വ മിഷൻ അനുവദിച്ച 3.60,000 രൂപ വിനിയോഗിച്ച് താലൂക്ക് ഓഫീസ്, ചിൽഡ്രൻസ് പാർക്ക്, ചാവക്കാട് പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, ജയിൽ കെട്ടിടം എന്നിവയുടെ മതിൽ പെയിന്റ് ചെയ്ത് ശുചിത്വ സന്ദേശം ആലേഖനം ചെയ്ത് സൗന്ദര്യവത്കരിക്കാനും തീരുമാനിച്ചു. നഗരസഭയിലെ 5,10,22,27 എന്നീ വാർഡുകളിലെ പൊതുവഴി നിയമപ്രകാരം ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നഗരസഭാ ഓഫീസ് കെട്ടിടത്തിന് മുകൾനിലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഹാളിന് ചാവക്കാട് നഗരസഭ പ്രഥമ കൗൺസിലറും ആക്ടിംഗ് ചെയർമാനുമായിരുന്ന എൻ.വി. സോമന്റെ പേര് നൽകാനും യോഗം നിർദേശിച്ചു. യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.